കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആലിബാബ സ്ഥാപകൻ ജാക്ക് മാ ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ നിശിതമായി വിമർശിച്ചത്. ഇതോടെ സർക്കാർ രംഗത്തിറങ്ങുകയും ജാക്ക് മായുടെ കമ്പനികളുടെ ഓഹരികൾ കുത്തനെ തകരുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒരു ചെറിയ അബദ്ധം കാരണം ജാക്ക് മായ്ക്ക് ഒരു വർഷത്തിനിടെ നഷ്ടമായത് 34,400 കോടി ഡോളറാണ് (ഏകദേശം 2582,100 കോടി രൂപ). ആലിബാബ ഗ്രൂപ്പിന്റേത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയായിരുന്നു എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്.
മായുടെ കുപ്രസിദ്ധമായ പ്രസംഗത്തിന് തൊട്ടുപിന്നാലെ ചൈനീസ് സർക്കാർ മായുടെ ഫിൻടെക് വിഭാഗമായ ആന്റ് ഗ്രൂപ്പിന്റെ ലിസ്റ്റിങ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഒക്‌ടോബർ മുതൽ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ വിപണി മൂലധനം നഷ്ടപ്പെട്ടു. ബ്ലൂംബെർഗ് ഡേറ്റാ കംപൈലേഷൻ പ്രകാരം ആഗോള ഓഹരി ഉടമകളുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.
ഒക്ടോബർ 25-ന് ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച മൂല്യനഷ്‌ട പട്ടികയിലെ മറ്റ് കമ്പനികളിൽ കുവൈഷൗ ടെക്‌നോളജിയ്ക്ക് 10,400 കോടി ഡോളർ നഷ്ടം നേരിട്ടിട്ടുണ്ട്. ചൈന ലിമിറ്റഡിന്റെ പിങ് ആൻ ഇൻഷുറൻസ് ഗ്രൂപ്പ് കോയ്ക്ക് 6,610 കോടി ഡോളർ നഷ്ടമായപ്പോൾ ടെൻസെന്റ് ഹോൾഡിംഗ്‌സിനും സൂം വിഡിയോ കമ്മ്യൂണിക്കേഷനും 6,500 കോടി ഡോളർ വീതവും ഇടിവ് നേരിട്ടു.
∙ ജാക്ക് മായ്ക്ക് സംഭവിച്ചതെന്ത്?
'ചൈനക്കാര്‍ പറയുന്നതു പോലെ, നിങ്ങള്‍ 100,000 യുവാന്‍ ബാങ്കില്‍ നിന്നു കടമെടുത്താല്‍ നിങ്ങള്‍ക്ക് ചെറിയ പേടിയുണ്ടാകും; നിങ്ങള്‍ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കും ബാങ്കിനും പേടിയുണ്ടാകും, അതേസമയം നിങ്ങള്‍ 1 ബില്ല്യന്‍ ഡോളറാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും', എന്ന് തുറന്നടിച്ചതാണ് ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും വലിയ ധനികനുമായ ജാക് മായ്ക്കു സംഭവിച്ച ഏറ്റവും വലിയ അബദ്ധം. ലോകത്തെ ഏറ്റവും വലിയ ഐപിഒ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിന് രണ്ടാഴ്ച മുൻപാണ് രാജ്യത്തെ ബാങ്കിങ് സിസ്റ്റത്തെക്കുറിച്ചുള്ള, ചൈനയെ ചൊടിപ്പിച്ച, ഈ വാചകം മാ തന്റെ ഒരു പ്രസംഗത്തില്‍ പറഞ്ഞത്. ഷാങ്ഹായില്‍ ഉന്നത വ്യക്തികളടങ്ങുന്ന ഒരു ഫോറത്തില്‍ തന്റെ അഭിപ്രായം പറഞ്ഞപ്പോള്‍ മാ പോലും പ്രതീക്ഷിച്ചിരിക്കില്ല തനിക്കു വരാന്‍ പോകുന്നത് 34,400 കോടി ഡോളറിന്റെ നഷ്ടമാമെന്ന്.
ഈ പ്രസംഗത്തില്‍ മാ ആഗോള ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെടുത്തി പറയുന്ന ബെയ്‌സല്‍ കരാറിനെക്കുറിച്ച് ‘വയസന്മാരുടെ ക്ലബ്’ എന്നു വിശേഷിപ്പിച്ചതോ, അതിലടങ്ങിയിരിക്കുന്ന റിസ്‌കിനെക്കുറിച്ചു പറഞ്ഞതോ പോലും ചൈനയ്ക്ക് പ്രശ്‌നമായിരുന്നില്ല. പക്ഷേ, ആ കൂട്ടത്തില്‍ ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതി ഇല്ലാ എന്നു പറഞ്ഞത് അധികാരികള്‍ ഗൗരവത്തിലെടുക്കുകയായിരുന്നു. ചൈനീസ് ബാങ്കുകള്‍ പണയം വയ്ക്കല്‍ കടകളാണെന്നും മാ പറഞ്ഞു. ഇതിനാല്‍ ചിലര്‍ വന്‍ തുക കടമെടുക്കുന്നു. അതോടെ അവര്‍ക്കു പണം നഷ്ടമാകുന്നില്ലെന്നു ഉറപ്പുവരുത്താനുള്ള ശ്രമം നടത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.
ഇതിനു ശരിക്കുമുള്ള അടി ചൈന അപ്പോള്‍ത്തന്നെ കൊടുത്തില്ല. രണ്ടാഴ്ച കാത്തിരുന്ന ശേഷമാണ് നല്‍കിയത്. ചൈനയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്തുന്ന കമ്മറ്റി മായെ വിളിച്ചുവരുത്തി ശാസിച്ചു. തുടര്‍ന്ന് കുറഞ്ഞ തുകകള്‍ വായ്പ നല്‍കുന്നതിന് പുതിയ നിയമങ്ങളും കൊണ്ടുവന്നു. മായുടെ പുതിയ സംരംഭമായ ആന്റ് ഗ്രൂപ്പ് തുടങ്ങാനിരുന്ന ചെറുകിട വായാപാ ബിസിനസിന് പുതിയ നിയമങ്ങള്‍ ബാധകമാക്കി. എന്നാല്‍, മായ്ക്കുള്ള ശരിക്കുള്ള അടി കൊടുത്തത് പിന്നീട് ഒരു ദിവസം രാത്രിയിലാണ്. ഷാങ്ഹായ്, ഹോങ്കോങ് സ്‌റ്റോക് എക്‌ചേഞ്ചുകളിലായി 35 ബില്ല്യന്‍ ഡോളര്‍ മൂല്യത്തിലുള്ള ലോകം ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ഐപിഒ ആ രാത്രി മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നിയമത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട ശേഷം മതി ഐപിഒ എന്നാണ് അധികാരികള്‍ പറഞ്ഞത്. ഈ വാര്‍ത്ത വന്നതോടെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌ചേഞ്ചിലും ആലിബാബയുടെ ഓഹരികള്‍ മൂക്കു കുത്തി. താഴേക്കു പോകുന്ന വഴി മറ്റു ചൈനീസ് കമ്പനികളുടെ വിലകളും വലിച്ചു താഴേക്കു കൊണ്ടുപോയി.
മാ പറഞ്ഞത് അല്‍പം അതിശയകരമായ കാര്യമായിരുന്നു. പക്ഷേ സത്യവും. ചെറുകിട ലോണ്‍ എടുക്കാന്‍ വരുന്നവര്‍ക്ക് ചൈനീസ് ബാങ്കുകള്‍ വായ്പ നല്‍കാന്‍ വൈമുഖ്യമുള്ളവരായിരുന്നു. വലിയ തുകയ്ക്കുള്ള ലോണുകള്‍ നല്‍കുന്ന കാര്യത്തില്‍ അവര്‍ക്കു മടിയില്ലായിരുന്നു. ബാങ്കുകള്‍ നല്‍കിയിരിക്കുന്ന വന്‍ തുകകള്‍ കാണുമ്പോള്‍ ആര്‍ക്കാണെങ്കിലും മതിപ്പു തോന്നുമെന്നതിനാലാണ് ചൈന ഈ വഴി സ്വീകരിച്ചിരുന്നത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടു മുഴുവന്‍ ചൈനീസ് ബാങ്കുകള്‍ ചെറുകിട ലോണുകള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നതായി കണക്കുകള്‍ കാണിക്കുന്നു. ഇതിനാല്‍ തന്നെ ചെറിയ കമ്പനികള്‍ക്ക് മുന്നോട്ടു പോക്ക് വിഷമംപിടിച്ചതായിരുന്നു. എന്നാല്‍, മായുടെ വാക്കുകള്‍ അദ്ദേഹം തന്നെ പറഞ്ഞതല്ല. അവ അങ്ങാടിപ്പാട്ടാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയിലെ അധികാരികളും ഇതു തന്നെയാണ് പറയുന്നത്. അവര്‍ക്കൊന്നും ഒരു കുഴപ്പവുമില്ല. അപ്പോള്‍ എന്തിനാണ് മായെ മാറ്റി നിർത്തി അടിച്ചത്?
ആന്റ് കമ്പനി ധാരളം ലാഭമുണ്ടാക്കുന്ന ഒന്നായിരുന്നു. ഐപിഒ വഴി 3450 കോടി ഡോളര്‍ ഉണ്ടാക്കാനാണ് കമ്പനി ശ്രമിച്ചത്. ഈ തുകയുടെ വലിയൊരു പങ്കും ചെറുകിട ലോണുകളായി നല്‍കാനാണ് മാ ഇരുന്നത്. അതേസമയം, ചൈനീസ് ബാങ്കുകള്‍ക്ക് ഇനി ലോണ്‍ നല്‍കാന്‍ ഇനി അധികം ആസ്തിയുമില്ല. ചെറുകിട ലോണ്‍ ബിസിനസ് അതിവേഗമാണ് ചൈനയില്‍ വളരുന്നത്. ആന്റിന്റെ ഉപയോക്താക്കള്‍ ധാരാളമായി ചെറുകിട ലോണുകള്‍ എടുത്തു കൂട്ടുന്നുമുണ്ട്. കൂടുതല്‍ മൂലധനവുമായി ആന്റ് ഇറങ്ങിയാല്‍ തങ്ങള്‍ക്കു തട്ടുകിട്ടുമെന്ന തോന്നല്‍ തന്നെയായിരിക്കാം ബെയ്ജിങ്ങിനെക്കൊണ്ട് ഇതു ചെയ്യിപ്പിച്ചതെന്നു കരുതുന്നു.
വിവാദ പ്രസംഗം തുടങ്ങിയപ്പോള്‍ മാ പറഞ്ഞത്, ഈ പ്രസംഗത്തിനു വരണമോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലായിരുന്നു എന്നാണ്. വരാതിരുന്നെങ്കില്‍ എന്നായിരിക്കും മാ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍, ചൈനയ്ക്ക് ശരിക്കുള്ള പുരോഗതി വേണമെന്നുണ്ടെങ്കില്‍ ഈ മനുഷ്യനെ അയാള്‍ക്കിഷ്ടമുള്ളതു ചെയ്യാന്‍ അനുവദിക്കുക തന്നെ വേണമെന്ന് വാദിക്കുന്നവരുമുണ്ട്. ചൈനയിലെ ഓണ്‍ലൈന്‍ ബിസിനസ് വികസിപ്പിച്ച മാന്ത്രികനായ മായ്ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് വേണ്ടത് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ചൈനയുടെ പ്രശ്‌നങ്ങളെക്കുറിച്ച് മാ പറഞ്ഞത് ശരിയായിരിക്കണം. പ്രശ്‌നങ്ങളുടെ കാതലറിഞ്ഞ ശേഷമായിരിക്കും മാ പ്രതികരിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
കടപ്പാട് : manoramaonline
October 26, 2021 03:00 PM IST
English Summary: Alibaba has lost $344 billion in world's biggest wipeout