‘കണ്ടിടത്തോളം മതി, കണ്ടതുതന്നെ ധാരാളം’; റസ്റ്റ് ഹൗസിന്റെ അവസ്ഥ കണ്ട് ഞെട്ടി മന്ത്രി


തിരുവനന്തപുരം: ‘‘എന്താ ഇതിന്റെയൊക്കെ കോലം, നോക്കിത്...കണ്ടോ നിങ്ങള്’’-തിരുവനന്തപുരം റസ്റ്റ് ഹൗസിന്റെ അടുക്കളയുടെയും പരിസരത്തെയും അവസ്ഥ കണ്ടപ്പോൾ മന്ത്രി ഞെട്ടി. പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വേണ്ടത്ര ശുചിത്വം പാലിക്കാത്തതിന് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ നിർദ്ദേശം നല്കി. തുടർന്ന് റസ്റ്റ് ഹൗസ് മാനേജർ വിപിനനെ സസ്‌പെൻഡ് ചെയ്തു. ഞായറാഴ്ച വൈകീട്ടോടെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി.

ഞായറാഴ്ച രാവിലെ തൈക്കാട് റസ്റ്റ് ഹൗസിൽ മന്ത്രി മിന്നൽ പരിശോധന നടത്തിയിരുന്നു. റസ്റ്റ് ഹൗസിന്റെയും പരിസരത്തിന്റെയും വൃത്തിയില്ലായ്മയിൽ മന്ത്രി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന നിർദേശം നല്കിയാണ് അദ്ദേഹം മടങ്ങിയത്.

തിങ്കളാഴ്ച മുതൽ കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മന്ത്രി റസ്റ്റ് ഹൗസിലെത്തിയത്. അടുക്കളയും റസ്റ്റ്ഹൗസ് പരിസരമൊക്കെയാണ് മന്ത്രി നോക്കിക്കണ്ടത്. റസ്റ്റ് ഹൗസിന്റെ മോശം സാഹചര്യത്തിൽ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. .

അടുക്കളയുടെ താക്കോൽ എവിടെ?

വിശ്രമ മന്ദിരമൊക്കെ അടിച്ചുവാരാതെ കരിയിലകൾ കൂടിക്കിടക്കുന്നു. അടുക്കള തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ താക്കോലില്ല എന്ന് റസ്റ്റ്ഹൗസ് ഉദ്യോഗസ്ഥന്റെ മറുപടി. താക്കോൽ സൂക്ഷിക്കേണ്ടത് നിങ്ങളല്ലേയെന്നും ഉദ്യോഗസ്ഥനോട് വേഗം കൊണ്ടുവന്ന് തുറക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഒടുവിൽ തുറന്നുകഴിഞ്ഞപ്പോഴാണ് അടുക്കളയുടെ അവസ്ഥ വളരെ മോശമാണെന്ന് മനസ്സിലായത്. പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നു. ഇത് കണ്ടതോടെ മന്ത്രി ജീവനക്കാരനോട് ഷുഭിതനായി.

ഇന്നുമുതൽ റസ്റ്റ്‌ഹൗസുകളിൽ ജനങ്ങൾക്ക്‌ ഓൺലൈൻ ബുക്കിങ്‌

പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസുകളിലെ മുറികൾ നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാം. 153 റസ്റ്റ്ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. മുറികളുടെ അടിസ്ഥാനത്തിൽ ക്ലാസ് 1, 2 എന്ന്‌ ഇവയെ തരംതിരിച്ചിട്ടുണ്ട്. https://resthouse.pwd.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന്‌ തിരുവനന്തപുരം പി. ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ ബുക്കിങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകൾ നവീകരിക്കും. ഭക്ഷണശാലകളും ആരംഭിക്കും.

ശുചിത്വം ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു

റസ്റ്റ്ഹൗസുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി ശുചിത്വം ഉറപ്പാക്കാൻ നേരത്തെതന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയാണ്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല തിരുവനന്തപുരം റസ്റ്റ്ഹൗസിന്റെ പ്രവർത്തനങ്ങൾ. ജീവനക്കാർ കുറവാണെന്നത് തെറ്റായ പ്രചാരണമാണ്.

-പി.എ.മുഹമ്മദ് റിയാസ്, മന്ത്രി ( തിരുവനന്തപുരം റസ്റ്റ് ഹൗസ് സന്ദർശനത്തിന് ശേഷം പ്രതികരിച്ചത്)


കടപ്പാട്: മാതൃഭൂമി ന്യൂസ്