കഴിഞ്ഞ ദിവസം ഇവിടെ എത്തി ഡസേർട്ട് കഴിച്ചവരിൽ ഒരാൾക്ക് മദ്യത്തിന്റെ സ്വാദ് തോന്നി. സംശയം പ്രകടിപ്പിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നവരും ഇതേ അഭിപ്രായം പറഞ്ഞു. സ്കൂൾ കോളേജ് വിദ്യാർഥികൾ ധാരാളമെത്തുന്ന സ്ഥലത്ത് ഉടമയുടെ കച്ചവട തന്ത്രമാണിതെന്ന് മനസ്സിലായതോടെ ആരോഗ്യ വകുപ്പിന് ഇയാൾ നേരിട്ട് പരാതി നൽകി. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കഫേയുടെ അടുക്കളയിൽ നിന്ന് മദ്യവും കണ്ടെത്തി.
കഫേയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് നിന്ന് ബ്രാൻഡിയും വിസ്കിയും ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കട പൂട്ടി സീൽ ചെയ്തു. സ്കൂൾ കോളേജ് വിദ്യാർഥികൾ ഇത് നിരന്തരം ഉപയോഗിക്കുന്നതിലൂടെ അവർ പോലും അറിയാതെ ലഹരിക്ക് അടിമയാകും, കച്ചവടം പൊടിപൊടിക്കും- ഇതായിരുന്നു രീതിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷണത്തിന്റെ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു