*'ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണം'; പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷത്തെ പിന്തുണച്ച് ശൈലജ*


04-Oct-2021

തിരുവനന്തപുരം: പ്ലസ് വൺ (plus one) സീറ്റ് പ്രശ്നത്തില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ പിന്തുണച്ച് കെ കെ ശൈലജ (K K Shailaja). സംസ്ഥാന തലത്തില്‍ സീറ്റെണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് ശൈലജയും പിന്തുണച്ചത്. സംസ്ഥാന തലത്തിലല്ല സീറ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശൈലജ ആവശ്യപ്പെട്ടു. 

സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടിയാണ് യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എല്ലാറ്റിലും എ പ്ലസ് നേടിയിട്ടും കുട്ടികൾക്ക് സീറ്റ് ഇല്ലെന്നത് ഗുരുതര സ്ഥിതിയാണ്. ഇരുപത് ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ല. മലപ്പുറത്ത് മാത്രം പതിനൊന്നായിരം കുട്ടികൾക്ക് സീറ്റില്ല. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ തലയിൽ സാമ്പത്തിക ബാധ്യത ഇടരുത്. ഇവരൊക്കെ മാനേജ്മെൻ്റ് ക്വാട്ടയിൽ പണം കൊടുത്ത് പഠിക്കേണ്ട ​ഗതിയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഹെലികോപ്റ്ററിനെ നൽകുന്ന പരി​ഗണ എങ്കിലും കുട്ടികൾക്ക് കൊടുക്കണം. പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. മൊത്തം സീറ്റ് കണക്ക് എടുത്ത് പരിഹാരത്തിന് ശ്രമിക്കരുത്. പ്രവേശനത്തിന്റെ തോതല്ല അപേക്ഷകരുടെ എണ്ണമാണ് നോക്കേണ്ടത്. സർക്കാരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ട എന്ന നിലയിൽ ആണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ സർക്കാർ അവഗണിക്കുകയാണ്. സ്ഥിതി അതീവ ​ഗുരുതരമാണ്. പാലക്കാട് ജില്ലയിൽ മാത്രം പതിനായിരം സീറ്റുകളുടെ കുറവാണുള്ളത്. 
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*