ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചു; തീവണ്ടികളിൽ തിക്കും തിരക്കും


കൊല്ലം : തീവണ്ടികളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചത് തിരക്കിനിടയാക്കുന്നു. കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിൽ തിരക്കേറുന്നത് യാത്രക്കാർക്ക് ആശങ്കയുണ്ടാക്കുകയാണ്.

സ്ഥിരം യാത്രക്കാർ കൂടുതലായി ആശ്രയിച്ചിരുന്ന പരശുറാം, ഏറനാട്, പാലരുവി, ശബരി, മാവേലി, മലബാർ, വേണാട്, ഇന്റർസിറ്റി, വഞ്ചിനാട്, നാഗർകോവിൽ-കോട്ടയം തുടങ്ങിയ തീവണ്ടികളിലാണ് ജനറൽ കോച്ചുകൾ കൂടുതലായി വേണ്ടത്. തിരുവനന്തപുരത്തുനിന്ന് കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് സർക്കാർ ജീവനക്കാരടക്കം ആശ്രയിക്കുന്ന തീവണ്ടികളിൽ അൺറിസർവ്ഡ് കോച്ചുകളില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. പാലക്കാട്, ചെന്നൈ ഡിവിഷനുകളുടെ പരിധിയിലാണ് യാത്രാക്ലേശം കൂടുതലുള്ളത്.

കൂടുതൽ തീവണ്ടികൾ ഓടിത്തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഓടുന്ന തീവണ്ടികളിൽ ജനറൽ കോച്ചുകളുടെ എണ്ണം ആറായി ചുരുങ്ങി. പത്തും പന്ത്രണ്ടും കോച്ചുകളുണ്ടായിരുന്ന സ്ഥാനത്താണിത്. തിങ്ങിെഞരുങ്ങിയാണ്‌ ജനറൽ കോച്ചുകളിലെ ഇപ്പോഴത്തെ യാത്ര. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം വർധിക്കും. ശബരി, പരശുറാം തീവണ്ടികളിൽ ഒരുഭാഗത്തേക്ക്‌ മാത്രമാണ്‌ സീസൺ ടിക്കറ്റ്‌ ഉപയോഗിക്കാനാകുക. ഏറെ പ്രയോജനപ്രദമായിരുന്ന ജയന്തിജനത എക്സ്‌പ്രസ് ഓടിത്തുടങ്ങാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്‌.

തീവണ്ടിയോട്ടം പരീക്ഷണാടിസ്ഥാനത്തിലെന്ന് റെയിൽവേ

പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ തീവണ്ടികൾ ഓടിക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. തീവണ്ടികളിലെ തിരക്കും യാത്രക്കാരുടെ എണ്ണവും സംബന്ധിച്ച കാര്യങ്ങൾ റെയിൽവേ പഠിക്കുന്നുണ്ട്‌. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് അടുത്തദിവസങ്ങളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കും. ഇതിന്‌ സാങ്കേതികതടസ്സങ്ങളൊന്നുമില്ല. കൂടുതൽ തീവണ്ടികളും ഉടൻ ഓടിക്കും. കോവിഡ് വ്യാപനം ഭയന്ന് റിസർവേഷൻ കോച്ചുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും അധികൃതർ പറയുന്നു.

കടപ്പാട് : മാതൃഭൂമി ന്യൂസ്