*ആധാരത്തിൽ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ നിലം എന്നെഴുതിയിരിക്കുന്നത് "എങ്ങനെ "പറമ്പ് എന്നാക്കി മാറ്റും ?*

ഷിഹാബ് ആറ്റു നോറ്റു സ്വരുക്കൂട്ടി വീട് വയ്ക്കാനായി വാങ്ങിയ വസ്തുവിന്റെ രജിസ്ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തി. അപ്പോഴാണ് സബ് രജിസ്ട്രാർ തടസ്സം പറയുന്നത്. ആധാരത്തിൽ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ പറമ്പ് എന്ന് എഴുതിയിരിക്കുന്നതിനാൽ രജിസ്റ്റർ ചെയ്യാൻ സാധ്യമല്ലായെന്ന്.കാരണം മുൻ പ്രമാണങ്ങളിലെല്ലാം നിലം എന്നാണ് എഴുതിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രമാണത്തിൽ നിലം എന്നു തന്നെ എഴുതി കൊണ്ടു വന്നാലേ രജിസ്ട്രേഷൻ നടത്തി തരികയുള്ളൂ എന്ന് സബ് രജിസ്ട്രാർ.

ആധാരത്തിൽ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ നിലം എന്നോ പുരയിടമെന്നോ എന്തുതന്നെ എഴുതിയാലും അത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് സബ് രജിസ്ട്രാറുടെ ഡ്യൂട്ടി അല്ല. ആധാരം രജിസ്റ്റർ ചെയ്തു കൊടുക്കുക എന്നത് മാത്രമാണ് രജിസ്ട്രാറുടെ കർത്തവ്യം. ക്ലാസിഫിക്കേഷൻ ശരിയാണോ തെറ്റാണോ എന്നുള്ള കാര്യം വില്ലേജ് റെക്കോർഡുകളും വസ്തുവിൻറെ തൽസ്ഥിതിയും പരിശോധിച്ച് പോക്കുവരവ് സമയത്ത് റവന്യൂ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടത്.

ഇത്തരം കാര്യങ്ങളിൽ ആധാരത്തിൽ എന്താണ് എഴുതിയത് എന്ന് അടിസ്ഥാനമാക്കിയല്ല വില്ലേജ് അധികാരികൾ തീരുമാനമെടുക്കുക എന്ന് ഹൈക്കോടതി WP(C) 33509 of 2014, WP(C)15994 of 2015 എന്നീ കേസുകളിൽ സ്പെഷ്ടമാക്കിയിട്ടുണ്ട്.

ഇതിൽ നിന്നും രണ്ട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.

(1) സബ് രജിസ്ട്രാർ അന്യായമായി വസ്തുവിന്റെ തരം മാറ്റാൻ കൂട്ടുനിന്നു എന്ന് ആരും ആരോപിക്കേണ്ടതില്ല. അത് അദ്ദേഹത്തിൻറെ പണി അല്ല. 

(2) തന്റെ പഴക്കമുള്ള ആധാരത്തിൽ പറമ്പ് എന്ന് എഴുതിയിട്ടുണ്ടല്ലോ... പിന്നെ എന്തുകൊണ്ട് വില്ലേജ് അധികാരികൾ അത് പറമ്പ് ആക്കി നൽകുന്നില്ല എന്ന് ചോദിക്കേണ്ടതില്ല. കാരണം നിങ്ങൾ എഴുതി ഒപ്പിച്ചു കൊണ്ട് ചെല്ലുന്ന ആധാരങ്ങൾക്ക് അനുസൃതമായി മാറ്റാൻ ഉള്ളതല്ല റവന്യൂ റെക്കോർഡുകൾ.
..............................................