*പ്രവാസികൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ഇളവ് നിർത്തലാക്കി കേന്ദ്രം*


29-Oct-2021 

ന്യൂഡൽഹി ∙ ഗൾഫിൽനിന്നു അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്കു വരാൻ അനുവദിച്ചിരുന്ന ഇളവ് കേന്ദ്രസർക്കാർ നിർത്തലാക്കി. എല്ലാ യാത്രക്കാരും എയർ സുവിധയിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണമെന്നാണു നിർദേശം. സൗദി, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് അടിയന്തരമായി നാട്ടിലേക്കു വരാനിരിക്കുന്നവർക്കു തിരിച്ചടിയാണു പുതിയ തീരുമാനം.

നാട്ടിലുള്ള ബന്ധുക്കളുടെ മരണം അടക്കം അത്യാവശ്യങ്ങൾക്കായി യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്കു പിസിആർ പരിശോധനയില്ലാതെ യാത്ര ചെയ്യുന്നതിനു നേരത്തേ അനുമതി നൽകിയിരുന്നു. ഈ ഇളവാണ് കേന്ദ്രം നിർത്തലാക്കിയത്. നാട്ടിലേക്കു വരുന്ന എല്ലാ പ്രവാസികളും എയർ സുവിധയിൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ നടപടികൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

എമർജൻസി എന്ന വിഭാഗത്തിൽ വിവരങ്ങൾ നൽകി ഇനി റജിസ്റ്റർ ചെയ്യാനാകില്ല. ഇതോടെ അത്യാവശ്യത്തിനു നാട്ടിലേക്കു യാത്ര ചെയ്യണമെങ്കിൽ പോലും പിസിആർ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നതാണ് അവസ്ഥ. ദുബായ് വിമാനത്താവളം ടെർമിനൽ മൂന്നിലും ഷാർജ വിമാനത്താവളത്തിലും മൂന്നു മണിക്കൂറിനകം പിസിആർ പരിശോധനാഫലം കിട്ടുമെന്നതിനാൽ യുഎഇയിലെ പ്രവാസികൾക്ക് അടിയന്തരമായി നാട്ടിലേക്കു പോകുന്നതിനു തടസ്സമുണ്ടാകില്ല.

എന്നാൽ സൗദി, കുവൈത്ത്, ഖത്തർ തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടവർ പിസിആർ പരിശോധനാഫലം വരുന്നതുവരെ, അതായത് 12 മണിക്കൂർ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ബൂസ്റ്റർ ഡോസ് കൂടി സ്വീകരിച്ചു തുടങ്ങിയ ഗൾഫിലുള്ളവർക്ക് ഏർപ്പെടുത്തിയ ഈ നിയന്ത്രണം എത്രയും വേഗം പിൻവലിക്കണമെന്നാണു പ്രവാസലോകം ആവശ്യപ്പെടുന്നത്.
➖️➖️➖️➖️➖️➖️➖
കടപ്പാട്: *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*