33 രൂപ വർധിപ്പിച്ചാണ് 5 രൂപ കുറക്കുന്നത്; കേന്ദ്രം മുഖം രക്ഷിക്കാൻ എടുത്ത നിലപാടെന്ന് ധനമന്ത്രി




തിരുവനന്തപുരം: വലിയ തോതിൽ പ്രതിഷേധം വന്നപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില കുറച്ചതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ കുറച്ചിരിക്കുന്നത് സാധാരണ നികുതിയിൽ നിന്നല്ല. സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി എന്ന് പറഞ്ഞ് വർധിപ്പിക്കുന്ന നികുതിയിൽ നിന്നാണ്. ഇത് സംസ്ഥാനങ്ങളുമായ പങ്കുവെക്കേണ്ടതില്ല. അങ്ങനെ 33 രൂപ വരെ വർധിപ്പിച്ചതിൽ തുകയിൽ നിന്നാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇനിയും കുറക്കേണ്ടതാണ്, ഇത് നേരത്തെ തന്നെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ധനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങളിലൊക്കെ ടാക്സ് വർധിപ്പിച്ചപ്പോൾ കേരളത്തിൽ വർധിപ്പിച്ചിരുന്നില്ല. ഇപ്പോൾ വില കുറച്ചതിന്റെ ആശ്വാസം ജനങ്ങൾക്ക് ലഭിക്കും. 33 രൂപ വർധിപ്പിച്ച് 5 രൂപ കുറക്കുന്നു. ബാക്കി കൂടി കുറക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്രം ഇന്ധവില കുറച്ചതിന് പിന്നാലെ 'കേരളം എത്ര കുറയ്ക്കുമെന്ന് കാത്തിരുന്നു കാണാം' എന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കേന്ദ്രം സംസ്ഥാനങ്ങളോട് വാറ്റ് കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

കടപ്പാട് മാതൃഭൂമി ന്യൂസ്