ദീപാവലി ആഘോഷങ്ങള്‍ പൊടിപൊടിച്ചു; മലിനവായുവില്‍ മുങ്ങി വീണ്ടും രാജ്യതലസ്ഥാനം


5 Nov 2021

ന്യൂഡല്‍ഹി : ദീപാവലി ആഘോഷങ്ങളില്‍ പടക്കത്തിനേര്‍പ്പെടുത്തിയ നിരോധനം ജനങ്ങള്‍ ലംഘിച്ചത് മൂലം ഡല്‍ഹി പൊടിപടലങ്ങളാല്‍ മൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിന് 382 ആയിരുന്ന നഗരത്തിന്റെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് ഗുരുതരമായ അളവിലേക്ക് രാത്രി എട്ടോടെ കൂപ്പുകുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പാര്‍ട്ടികുലേറ്റ് മാറ്ററിന്റെ(പൊടിപടലങ്ങളുടെ ) സാന്ദ്രതയ്ക്ക് പരിധിയുണ്ട്. ഡല്‍ഹിയില്‍ 2.5 പർട്ടിക്കുലേറ്റ് മാറ്ററിന്റെ(2.5 മൈക്രോ മീറ്റർ വ്യാപ്തിയുള്ള പൊടിപടലം) സാന്ദ്രത ഒരു ക്യുബിക്ക് മീറ്ററില്‍ 999 ആയിരുന്നു.

"ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും മറ്റും പൊട്ടിച്ചത് അന്തരീക്ഷ നിലവാരം ഗുരുതരമായ അവസ്ഥയിലേക്കെത്തിച്ചു. ജൈവമാലിന്യം കത്തിക്കലും ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിപ്പിച്ചു. കാറ്റിന്റെ വേഗത കൂടുമ്പോള്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടും മൂടല്‍മഞ്ഞും കുറയും. കാറ്റും ഉയര്‍ന്ന ഈര്‍പ്പവും  മൂടല്‍മഞ്ഞിന് കാരണമാകുന്നു",  ഇന്ത്യ മെറ്റിറിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആര്‍.കെ ജനമണി പറഞ്ഞു. 

സമീപ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), നോയിഡ (431) എന്നിവിടങ്ങളിലും അന്തരീക്ഷ ഗുണനിലവാരം കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പൂര്‍ണമായും പടക്കങ്ങള്‍ നിരോധിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല. ഇതാണ് ഡല്‍ഹിയിലെ മലിനീകരണ തോത് കൂടാനുള്ള പ്രധാന കാരണമായി മാറിയത്. സൗത്ത് ഡല്‍ഹിയിലെ ലജ്പത് നഗര്‍, നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരി എന്നിവിടങ്ങളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ തന്നെ പടക്കങ്ങള്‍ പൊട്ടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി, വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ചിന്റെ (സഫര്‍) കണക്കുകള്‍ പ്രകാരം ഈ ഞായറാഴ്ചയോടെയും അന്തരീക്ഷ നിലവാരം മെച്ചപ്പെടാന്‍ സാധ്യതയില്ല. വ്യാഴാഴ്ച ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും മറ്റും പുകമഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയുടെ ശരാശരി അന്തരീക്ഷ ഗുണനിലവാരം വ്യാഴാഴ്ച 382 ആയിരുന്നു. എ.ക്യു.ഐ 301 നും 400 നും ഇടയിലെത്തുന്നത് പരിതാപകരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നതാണ്.

കടപ്പാട് മാതൃഭൂമി ന്യൂസ്