'ലൈംഗിക അതിക്രമ പരാതി നല്‍കിയിട്ടില്ല'; ഗവേഷക വിദ്യാര്‍ഥിനിയുടെ ആരോപണം തള്ളി വി.സി




കോട്ടയം: അധ്യാപകനില്‍ നിന്നും ഗവേഷക വിദ്യാര്‍ഥിയില്‍ നിന്നും ലൈംഗിക അതിക്രമവും  സര്‍വകലാശാലയില്‍ നിന്ന്‌ ജാതി അധിക്ഷേപവും നേരിടേണ്ടി വന്നുവെന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ ആരോപണങ്ങള്‍ തള്ളി എം.ജി സര്‍വകലാശാല  വൈസ് ചാന്‍സ്‌ലര്‍ സാബു തോമസ്. വിദ്യാര്‍ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാര്‍ഥിനി വാക്കാല്‍പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗികാരോപണം കളവാണ്. ജാതി വിവേചനമെന്ന ആരോപണത്തില്‍ പരിശോധനയ്ക്ക് തയ്യാറാണ്. ഗവേഷക വിദ്യാര്‍ഥിനി പിഎച്ച്ഡി പൂര്‍ത്തിയാക്കണമെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കളക്ടര്‍ മുന്‍കൈയെടുത്താല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും വൈസ് ചാന്‍സ്‌ലര്‍ പറയുന്നു. 

അതിനിടെ, ലൈംഗിക അതിക്രമ പരാതി പറഞ്ഞിട്ടില്ലെന്ന് വൈസ് ചാന്‍സ്‌ലര്‍ പറയുന്നത് കളവാണെന്ന് ഗവേഷക വിദ്യാര്‍ഥിനി പ്രതികരിച്ചു. '2014-ലാണ് സംഭവം നടന്നത്. അന്ന് വൈസ് ചാന്‍സലറോട് പരാതി പറഞ്ഞിട്ടുണ്ട്. വൈസ് ചാന്‍സ്‌ലറും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. 2014-ല്‍ വാക്കാല്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കൊടുത്തിരുന്നില്ല.' ഗവേഷക വിദ്യാര്‍ഥിനി പറയുന്നു. 

പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗവേഷക വിദ്യാര്‍ഥിനി സര്‍വകലാശാലയ്ക്ക് മുന്നില്‍ ഒരാഴ്ച്ചയായി നിരാഹാര സമരത്തിലാണ്. ജാതി വിവേചനത്തിന്റെ പേരില്‍ സര്‍വകലാശാലയിലെ നാനോ സയന്‍സില്‍ ഗവേഷണത്തിന് സൗകര്യമൊരുക്കിയില്ല എന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം.  ഇക്കാര്യത്തില്‍ കോടതി ഉത്തരവ് പാലിക്കാനും സര്‍വകലാശാല തയ്യാറായില്ലെന്ന് വിദ്യാര്‍ഥിനി പറയുന്നു. വൈസ് ചാന്‍സറലും വിദ്യാര്‍ഥിനിയും തമ്മില്‍ തിങ്കളാഴ്ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 

2014 ല്‍ വിദ്യാര്‍ഥിനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നാണ് പരാതി. മറ്റൊരു ഗവേഷക വിദ്യാര്‍ഥി കയറിപ്പിടിച്ചുവെന്നും പിന്നീട് ഒരു അധ്യാപകനും അപമര്യാദയായി പെരുമാറിയെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതി.

കടപ്പാട് മാതൃഭൂമി ന്യൂസ്