കേരളത്തില്‍ ഗ്രൂപ്പ് അനുവദിക്കില്ല; ബി.ജെ.പി. നേതാക്കൾക്ക് കേന്ദ്ര ഘടകത്തിന്റെ മുന്നറിയിപ്പ്


തിരുവനന്തപുരം: പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കൾക്ക് ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ്. കേഡർ നേതാക്കളും മാസ് നേതാക്കളും വേണം. ഗ്രൂപ്പ് വേണ്ടാ. എല്ലാവരെയും ഉൾപ്പെടുത്തിയും ഒറ്റക്കെട്ടായും മുന്നോട്ടുപോകണമെന്ന് സംസ്ഥാന നേതൃയോഗത്തിൽ ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് നിർദേശം നൽകി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആർക്കും സ്ഥാനമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പുനഃസംഘടനയുടെ ഭാഗമായി ഇനിയും മാറ്റങ്ങൾ ഉണ്ടാകാമെന്ന് അദ്ദേഹം സൂചന നൽകി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനം ഉറച്ചതാണെന്ന തരത്തിലായിരുന്നു യോഗത്തിന്റെ പോക്ക്. എല്ലാവരെയും ഉൾപ്പെടുത്തിയും മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോകാൻ സന്തോഷ് ആവശ്യപ്പെട്ടു. മുതിർന്നവർ പ്രധാനവും ബഹുമാനിക്കപ്പെടേണ്ടതുമാണെങ്കിലും ഗുണത്തിനാണ് പ്രാധാന്യം. അച്ചടക്കനടപടി അവസാനത്തെ നീക്കമാണ്. പാർട്ടി ചുമതലയുള്ള പ്രഭാരിമാർ ചടങ്ങുകളിൽ പങ്കെടുത്ത് ഫോട്ടോയെടുത്തു മടങ്ങരുത്. അവിടെ തങ്ങി പാർട്ടിയെ ശക്തിപ്പെടുത്താൻ ജോലിചെയ്യണം -സന്തോഷ് ആവശ്യപ്പെട്ടു.

സന്തോഷിന്റെ സാന്നിധ്യത്തിൽ യോഗത്തിൽ പങ്കെടുത്തവർ വിമർശനത്തിന് തയ്യാറായില്ല. സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു. ഇന്ധനവില കുതിക്കുന്നത് പാർട്ടിക്ക്‌ ദോഷംചെയ്യുമെന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ജില്ലകളിൽ സഹപ്രഭാരിമാർ വരുന്നു

പാർട്ടി പോഷകഘടകങ്ങളുടെയും ജില്ലകളിലെയും പ്രഭാരിമാരെ മാറ്റി പുതിയ നേതാക്കളെ നിശ്ചയിച്ചു. ഇനിമുതൽ ജില്ലകളിൽ സഹപ്രഭാരിമാരുണ്ടാകും. ഇതോടെ പാർട്ടിയുടെ സംഘടനാചുമതലയുള്ള പ്രഭാരിമാരുടെ എണ്ണം കൂടും.

140 മണ്ഡലം കമ്മിറ്റികളും വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചതോടെ ഭാരവാഹികളുടെ എണ്ണവും ഇരട്ടിക്കും. നിലവിലെ മണ്ഡലം ഭാരവാഹികൾ തുടരുമെന്ന് ഉറപ്പില്ല. അടുത്ത ദിവസംമുതൽ മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് ഭാരവാഹികളെ നിശ്ചയിക്കുന്നതിലേക്ക് പാർട്ടി കടക്കും. ജില്ലാപ്രസിഡന്റുമാർ, ഉപസമിതി ഭാരവാഹികൾ തുടങ്ങിയവരുടെ യോഗവും ബുധനാഴ്ച നടന്നു.


കടപ്പാട് മാതൃഭൂമി ന്യൂസ്