5 Nov 2021
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക വേഷം ധരിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. ഇന്ത്യൻ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പട്ടാള വേഷത്തിലായിരുന്നു എത്തിയത്. ഇതിനെതിരെയായിരുന്നു ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്.
രാജ്യത്തെ ഏത് പൗരന്മാർക്കും, സൈന്യത്തിൽ ഇല്ലാത്തവർക്കും സൈനിക വേഷം ധരിക്കാൻ സാധിക്കുമോ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇക്കാര്യം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെയും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടായിരുന്നു ട്വീറ്റ്. ഇതിൽ ഒരു വിശദീകരണം വേണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.
ജമ്മു കശ്മീർ അതിർത്തിയിലെ നൗഷേറ ജില്ലയിൽ സൈന്യത്തോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ആഘോഷത്തിൽ സൈനിക വേഷത്തിലായിരുന്നു മോദി എത്തിയത്. ഇതിനെതിരെയാണ് ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്.
Can any Civilian, a non Army person dress up in Army Uniform? Would Gen Rawat or Raksha Mantri ji please clarify.
It used to take years to get defence equipment earlier: PM in J&K https://t.co/WLnfFXUJby
— digvijaya singh (@digvijaya_28) November 5, 2021
-via @inshorts
2016മുതൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ 2017ലാണ് അദ്ദേഹം സൈനിക വേഷത്തിൽ ആഘോഷത്തിന് എത്തുന്നത്. അധികാര മുദ്രകളൊന്നുമില്ലാത്ത സൈനിക വേഷമാണ് അദ്ദേഹം ധരിക്കുന്നത്. പ്രധാനമന്ത്രി ഇത്തരത്തിൽ സൈനിക വേഷത്തിൽ എത്തുന്നതിനെതിരെ നേരത്തെയും കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
"ചിലപ്പോൾ അദ്ദേഹം ചായ വിഷപ്പനക്കാരനെ പോലെ വസ്ത്രം ധരിക്കുന്നു, ചിലപ്പോൾ 10 ലക്ഷത്തിന്റെ വസ്ത്രം ധരിക്കുന്നു, ചിലപ്പോൾ കാവൽക്കാരനെ പോലെ, ചിലപ്പോൾ ഒരു സൈനികനെ പോലെ" - പരിഹാസ രൂപേണ കോൺഗ്രസ് നേതാവ് താരീഖ് അൻവർ ട്വീറ്റ് ചെയ്തു.
ഇത്രയും മഹത്തരമായ സൈനിക വേഷം ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയാണ് ധരിക്കുന്നത് എന്ന ചോദ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ഒരു ചീഫോ, സൈനിക ഓഫീസറോ അല്ല. പിന്നെങ്ങനെയാണ് ഇത്തരത്തിൽ സൈനിക വേഷം ധരിക്കുന്നത് എന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ചോദ്യം.
കടപ്പാട് മാതൃഭൂമി ന്യൂസ്