ദേശീയപാത ഉപരോധത്തിലെ അനിഷ്ടസംഭവങ്ങൾ; നിയമോപദേശം തേടി കോൺഗ്രസ്




കൊച്ചി: ദേശീയപാത ഉപരോധത്തിലെ അനിഷ്ടസംഭവങ്ങളിൽ പ്രതിരോധത്തിലായ കോൺഗ്രസ് നിയമോപദേശം തേടുന്നു. സിനിമാനടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ലുകൾ തകർത്ത കേസിൽ മുൻകൂർ ജാമ്യസാധ്യത കാണാത്ത സഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ളവർ പോലീസിൽ ഹാജരാവണമോ എന്നതിലാണ് നേതൃത്വം നിയമവൃത്തങ്ങളുമായി ചർച്ച നടത്തുന്നത്. നേതാക്കളും പ്രവർത്തകരും ജാമ്യംകിട്ടാതെ ജയിലിലാവുന്നത് ഒഴിവാക്കാനാണ് ശ്രമം.

വാഹനം തകർത്ത കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയാക്കപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൊച്ചി മുൻമേയർ ടോണി ചമ്മിണി അടക്കമുള്ളവർക്ക് അധികദിവസം അറസ്റ്റിൽനിന്ന് മാറിനിൽക്കാൻ സാധിച്ചേക്കില്ല.

മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജോജു ജോർജിനെതിരേ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസ് എടുക്കാതിരിക്കുന്നത്. ജോജു അപമര്യാദയായി പെരുമാറുന്നതിന്റെ തെളിവുകൾ ശേഖരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.

ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം പരിശോധനകളുടെ അടിസ്ഥാനത്തിൽ പോലീസ് തള്ളിയതും കോൺഗ്രസിനെ വെട്ടിലാക്കി. ചില്ലുതകർത്ത കാറിലെ രക്തക്കറ പ്രതിചേർത്ത ആളുടേതാണെന്ന് തെളിയിക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്.

കടപ്പാട് മാതൃഭൂമി ന്യൂസ്