*ജില്ലയിൽ ഇന്ന് മുതൽ ചെങ്കല്ലിന് വില കൂടും*


 November 1, 2021
കണ്ണൂർ: ജില്ലയിൽ ചെങ്കല്ല് വില മൂന്ന് രൂപ മുതൽ നാല് രൂപ വർധിപ്പിക്കുന്നു. ജില്ലാ ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ്റേതാണ് തീരുമാനം. ‌പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 2018 ഫെബ്രുവരിയിലാണ് അവസാനമായി ചെങ്കല്ല് വില ഉയർത്തിയത്.

അന്ന് പണകളിൽ ഒരു കല്ലിന് 23 മുതൽ 25 രൂപ വരെയായിരുന്നു. നവംബർ മുതൽ ജില്ലയിലെ പണകളിൽ ഒന്നാം നമ്പർ കല്ലിന് 26 രൂപ മുതൽ 28 രൂപ വരെ നൽകണം. കല്ലിന്റെ ഗുണനിലവാരവും ഉപയോഗവും അനുസരിച്ച് വിലയിൽ മാറ്റം വരും.

തറ കെട്ടാനുള്ള കല്ലിനു വില കൂടും. കയറ്റിറക്കു കൂലിയും വാഹനത്തിന്റെ വാടകയും കൂട്ടി നിലവിൽ 32 മുതലാണ് ജില്ലയിൽ ഒന്നാം നമ്പർ ചെങ്കല്ലിന്റെ വില. ദൂരപരിധി കൂടെ കണക്കാക്കിയാണു ചെങ്കല്ല് വില നിശ്ചയിക്കുന്നത്. അതുകൊണ്ട് ദൂരം കൂടുന്തോറും വിലയും കൂടും.

ചെങ്കൽ ക്വാറികളുടെ ലൈസൻസ് തുക വർധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധനവില വർധനയുമാണു ചെങ്കല്ലിന്റെ വില വർധിപ്പിക്കാൻ കാരണമായതെന്നാണു ക്വാറി ഉടമകൾ പറയുന്നത്.

ഊരത്തൂർ, കേപ്പറമ്പ്, ആനയടി, കേളകം, ചെറുവാഞ്ചേരി, നവോദയക്കുന്ന്, മയ്യിൽ, ശ്രീകണ്ഠപുരം, പെരിങ്ങോം, വയക്കര, കാങ്കോൽ, ആലപ്പടമ്പ, എരമം, കുറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കല്ല് എത്തുന്നത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*