ചത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് ചാട്ടവാറടി- ഐശ്വര്യം ഉണ്ടാവാനെന്ന് വാദം-


5 Nov 2021

ജഞ്ച്ഗിരി: ഗോവര്‍ധന്‍ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവര്‍ധന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് ചാട്ടയടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂപേഷ് ബാഗേലിന്റെ കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂര്‍ എന്നയാള്‍ ചാട്ടവാറുകൊണ്ട് ആഞ്ഞടിക്കുന്നത്. എട്ടോളം തവണ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

മുഖ്യമന്ത്രി എല്ലാവര്‍ഷവും ഗോവര്‍ധന പൂജയോടനുബന്ധിച്ച് ജഞ്ച്ഗിരിയില്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം വരെ തന്റെ പിതാവ് ബരോസ താക്കൂറാണ് പൂജയോടനുബന്ധിച്ച് ചാട്ടവാറയടി ഏല്‍ക്കേണ്ടിയിരുന്നത് എന്നും ജഞ്ച്ഗിരി സന്ദര്‍ശനത്തിനിടെ ഭൂപേഷ് ബാഗേല്‍ വ്യക്തമാക്കി. 

നമ്മുടെ പൂര്‍വ്വികര്‍ക്ക് ഇത്തരം  മധുരമുള്ള ചെറിയ പാരമ്പര്യങ്ങള്‍ ഉണ്ടായിരുന്നു, അത് ജനപ്രിയവും ഞങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നവയുമാണ്. ഗ്രാമങ്ങളിലെ ഈ ആചാരങ്ങള്‍ കര്‍ഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ഗ്രാമത്തിന് ഐശ്വര്യവും സമ്പത്തും ഭാഗ്യവും കൊണ്ടുവരാനാണ് ഇത്തരം ആചാരങ്ങളെന്നാണ് ഗ്രാമവാസികളുടേയും വിശ്വാസം.