സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വ്യാപകം, പിടികൂടാന്‍ പ്രത്യേക സംഘം


ആലപ്പുഴ: ഓണ്‍ലൈനിലൂടെ കേരള ലോട്ടറിയുടെ പേരില്‍ തട്ടിപ്പുനടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘം രംഗത്തിറങ്ങും. ലോട്ടറി വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ പുതിയ ഇന്റലിജന്‍സ് സംഘം രൂപവത്കരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. നേതൃത്വം നല്‍കും.

21-ന്‌ നറുക്കെടുക്കുന്ന പൂജാ ബംപർ ലോട്ടറിയുടെ അനധികൃത വിൽപ്പനയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പൊടിപൊടിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് അനധികൃത ഓൺലൈൻ വിൽപ്പന.

ഏജൻസികളാണെന്ന് അവകാശപ്പെടുന്നവർ ഇതിൽ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്കു വിളിച്ചാൽ വാട്സാപ്പിലേക്ക് വിലാസം അയച്ചുനൽകാൻ ആവശ്യപ്പെടും. പണം ഏതെങ്കിലും ഡിജിറ്റൽ വാലറ്റുവഴി നൽകിയാൽ മതി. 200 രൂപയുടെ ടിക്കറ്റിന് 100 രൂപ അധികം നൽകണം. സമ്മാനം അടിച്ചില്ലെങ്കിൽ ടിക്കറ്റുതുക തിരിച്ചുകൊടുക്കുമെന്ന വാഗ്ദാനത്തിലാണ് ആളുകൾ വീഴുക. ദിവസങ്ങൾക്കുള്ളിൽ ലോട്ടറി കൈയിൽ എത്തിക്കുമെന്നു പറയും. എന്നാലും, കൈയിൽ കിട്ടില്ല. ചിത്രമെടുത്ത് വാട്സാപ്പിലൂടെ നൽകും. ഇതേ നമ്പരിനു സമ്മാനമടിച്ചാൽമാത്രമേ ഇതു തട്ടിപ്പാണെന്നു തിരിച്ചറിയൂ. മലപ്പുറത്തുനിന്ന് ഇത്തരം സംഘങ്ങളെ പിടികൂടിയതായി അധികൃതർ സൂചിപ്പിക്കുന്നു. ഏതെങ്കിലും ഏജൻസികളാണ് ഇതിനുപിന്നിലെങ്കിൽ അവ കണ്ടെത്തി ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. വിദേശത്തുള്ളവരാണു തട്ടിപ്പിൽ കൂടുതൽ കുടുങ്ങുന്നത്.

അന്വേഷണം ശക്തമാക്കി

ഇത്തരം പ്രവണതകൾക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിനു പരാതിയും നൽകിയിട്ടുണ്ട്.

ബി. സുരേന്ദ്രൻ

(ഡെപ്യൂട്ടി ഡയറക്ടർ, ഇന്റേണൽ വിജിലൻസ് വിഭാഗം, കേരള ലോട്ടറി)


കടപ്പാട് മാതൃഭൂമി ന്യൂസ്