അടിച്ചുതകര്‍ത്ത് സഞ്ജുവും ഉത്തപ്പയും; ബിഹാറിനെതിരേ കേരളത്തിന് വിജയം


5 Nov 2021

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയ ദിവസം. കഴിഞ്ഞ ദിവസം ഗുജറാത്തിനോട് തോറ്റിരുന്ന കേരളം വെള്ളിയാഴ്ച്ച നടന്ന മത്സരത്തില്‍ ബീഹാറിനെ തകര്‍ത്തു. അതിഥി താരം റോബിന്‍ ഉത്തപ്പയുടേയും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ന്റേയും മികവില്‍ ഏഴു വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം.

132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 14.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. റോബിന്‍ ഉത്തപ്പ അഞ്ചു ഫോറും നാല് സിക്‌സും സഹിതം 34 പന്തില്‍ 57 റണ്‍സ് നേടി. 20 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം 45 റണ്‍സായിരുന്നു സഞ്ജു സാംസണ്‍ന്റെ സമ്പാദ്യം.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ബിഹാര്‍ സകിബൂല്‍ ഗനിയുടെ മികവിലാണ് 131 റണ്‍സ് അടിച്ചത്. ഗനി 41 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ മംഗല്‍ മഹ്‌റോര്‍ 30 റണ്‍സും ബിപിന്‍ സൗരഭ് 19 റണ്‍സും നേടി. 

ആറു റണ്‍സെടുത്ത ബബുല്‍ കുമാറും എട്ടു റണ്‍സടിച്ച യശ്വസി റിസവും ആറു റണ്‍സെടുത്ത പ്രത്യുഷ് സിങ്ങും നിരാശപ്പെടുത്തി. അഞ്ചു റണ്‍സുമായി സച്ചിന്‍ കുമാര്‍ സിങ് പുറത്താകാതെ നിന്നു. കേരളത്തിനായി ബേസില്‍ തമ്പി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആസിഫ് കെഎം ഒരു വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങില്‍ അസ്ഹറുദ്ദീനും ഉത്തപ്പയും മികച്ച അടിത്തറയാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 41 പന്തില്‍ നിന്ന് 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 11 പന്തില്‍ എട്ടു റണ്‍സാണ് അസ്ഹറുദ്ദീന്റെ സംഭാവന. കെജി റോജിത് ഒരു റണ്ണുമായും സച്ചിന്‍ ബേബി ആറു റണ്‍സോടെയും പുറത്തായി. വിഷ്ണു വിനോദ് ആറു പന്തില്‍ ആറു റണ്‍സോടെ പുറത്താകാതെ നിന്നു. ബിഹാറിനായി ക്യാപ്റ്റന്‍ അശുതോഷ് അമന്‍ രണ്ടു വിക്കറ്റെടുത്തു. 

വിജയത്തോടെ ഗ്രൂപ്പ് ഡിയില്‍ കേരളം നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. രണ്ടു കളികളും വിജയിച്ച മധ്യപ്രദേശ് എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. നാല് പോയിന്റുള്ള ഗുജറാത്താണ് രണ്ടാമത്.

കടപ്പാട് മാതൃഭൂമി ന്യൂസ്