5 Nov 2021
ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലകനായി സാവി സ്ഥാനമേല്‍ക്കും. നിലവില്‍ ഖത്തര്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്‌സലോണ മുന്നോട്ടുവെച്ച കരാറിന് അല്‍ സാദ് സമ്മതം മൂളിയതോടെയാണ് സാവി പഴയ ക്ലബ്ലിലേക്ക് തിരിച്ചെത്തുന്നത്. സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഈയിടെ പരിശീലകന്‍ റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കിയിരുന്നു.
ബാഴ്‌സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് സാവി. 1997 മുതല്‍ 2015 വരെ ബാഴ്‌സയ്ക്ക് വേണ്ടി കളിച്ച സാവി 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. ടീമിനുവേണ്ടി 767 മത്സരങ്ങളിലാണ് സാവി ബൂട്ടുകെട്ടിയത്. 85 ഗോളുകളും 185 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.
2015-ല്‍ ബാഴ്‌സ വിട്ട സാവി പിന്നീട് ഖത്തര്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനായി സ്ഥാനമേറ്റു. സാവിയുടെ കീഴില്‍ ആറുകിരീടങ്ങളാണ് അല്‍ സാദ് ഇക്കാലയളവില്‍ സ്വന്തമാക്കിയത്.
വലിയ ഉത്തരവാദിത്വമാണ് സാവിയ്ക്ക് മുന്നിലുള്ളത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ആന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവര്‍ ഇതിനോടകം ബാഴ്‌സവിട്ടു. നിലവില്‍ മോശം ഫോമിലാണ് ടീം കളിക്കുന്നത്. ലാ ലിഗയില്‍ 11 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങള്‍ മാത്രം നേടിയ ബാഴ്‌സ പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.
കടപ്പാട് മാതൃഭൂമി ന്യൂസ്