ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ തീയറ്റർ ഉടമകളും ആന്റണി പെരുമ്പാവൂരും (Antony Perumbavoor) തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തീയറ്റർ ഉടമകള്‍ അംഗീകരിച്ചില്ല.
തീയറ്റർ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് ഉടമകൾ ആന്റണി പെരുമ്പാവൂരിനോട് വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നല്‍കാന്‍ തയാറാണെന്ന് തിയേറ്ററുടമകള്‍ സമ്മതിച്ചു. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തീയറ്ററുടമകള്‍ പറഞ്ഞു. തുടര്‍ന്ന് ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ചയും പരാജയമായി.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തീറ്ററുകള്‍ തുറന്നത്. 100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
കടപ്പാട് News 18