കെഎസ്ആര്‍ടിസിക്ക് വീണ്ടും സഹായവുമായി സര്‍ക്കാര്‍ ; ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് വീണ്ടും സഹായവുമായി ധനവകുപ്പ്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.

ശമ്പളം നല്‍കാന്‍ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. 35 കോടി രൂപ വേണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ന് മുതല്‍ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും കെഎസ്ആര്‍ടിസി അധിക സര്‍വീസ് ആരംഭിച്ചു. ഷെഡ്യൂള്‍ അനുസരിച്ച് 20 ശതമാനം വരെ അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. സ്‌റ്റേഷനുകളില്‍ നിന്നുള്ള ആവശ്യപ്രകാരം ഡിപ്പോകളില്‍ അധിക ഷെഡ്യൂളുകള്‍ നല്‍കും. ആദ്യഘട്ടത്തില്‍ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സര്‍വീസ് ആരംഭിക്കുക.

ഞായറാഴ്ചകളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവ പുനഃരാരംഭിക്കുന്നതിന് കൂടാതെയാണ് അധിക സര്‍വീസ് അനുവദിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറുകളുടെ ട്രിപ്പുകള്‍ സിംഗിള്‍ ഡ്യൂട്ടിയായി ക്രമീകരിച്ചിട്ടുണ്ട്.