ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷംകൂടി നീട്ടി
...................
കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന 2011 ല്‍ നടപ്പാക്കിത്തുടങ്ങിയ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ( GPAIS ) ഒരു വര്‍ഷത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടി. 2022 ഡിസംബര്‍ 31 നവസാനിക്കുന്ന പദ്ധതിയുടെ കാലാവധി 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണു നീട്ടിയത്. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു ഡയരക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്.
സംസ്ഥാനത്തെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ / കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍, പഞ്ചായത്ത്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് എന്നിവിടങ്ങളിലെ ജീവനക്കാര്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ കണ്ടിജന്റ് ജീവനക്കാര്‍, സര്‍വകലാശാലാ ജീവനക്കാര്‍, എസ്.എല്‍.ആര്‍. വിഭാഗം ജീവനക്കാര്‍, പൊതുമേഖല / സഹകരണ / സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതി ബാധകമാണ്. ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക പത്തു ലക്ഷം രൂപയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ 500 രൂപയും സര്‍വകലാശാല / പൊതുമേഖലാ / സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 500 രൂപയും GST യുമാണ് വാര്‍ഷിക പ്രീമിയമായി അടയ്‌ക്കേണ്ടത്. KSRTC ജീവനക്കാര്‍ 600 രൂപയും GST യും KSEB ജീവനക്കാര്‍ 850 രൂപയും GSTയുമാണ് അടയ്‌ക്കേണ്ടത്. GST ബാധകമായിട്ടുള്ള സ്ഥാപനങ്ങള്‍ തുക നേരിട്ട് അടയ്ക്കണം.
സംസ്ഥാനത്തെ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടോകള്‍ക്കും കോസ്റ്റല്‍ പോലീസ് ജീവനക്കാര്‍ക്കും കമാണ്ടോ ഓപ്പറേഷനിലോ ഡ്യൂട്ടിക്കിടയിലോ സംഭവിക്കുന്ന അപകടമരണങ്ങള്‍ക്കു പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ 800 രൂപ വാര്‍ഷിക പ്രീമിയം അടയ്ക്കണം. കമാണ്ടോ ഓപ്പറേഷനിലോ ഡ്യൂട്ടിക്കിടയിലോ അപകടമരണം സംഭവിച്ചാല്‍ 20 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും. മറ്റു രീതിയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പത്തു ലക്ഷം രൂപയാണു ലഭിക്കുക.