ട്രഷറി ഇടപാടുകൾക്ക് കടുത്ത നിയന്ത്രണം; 10 ലക്ഷത്തിന് മുകളിലെങ്കിൽ പ്രത്യേക അനുമതി വേണം


ട്രഷറി ഇടപാടുകൾക്ക് കടുത്ത നിയന്ത്രണം; 10 ലക്ഷത്തിന് മുകളിലെങ്കിൽ പ്രത്യേക അനുമതി വേണം

തിരുവനന്തപുരം: ധനപ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് ധനവകുപ്പിന്‍റെ കടുത്ത നിയന്ത്രണം. നിത്യനിദാന ചെലവുകൾക്കടക്കം ട്രഷറിയിൽനിന്ന് മാറാവുന്ന ബില്ലുകളുടെ പരിധി 25 ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കി ചുരുക്കി.

പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറ്റാൻ ഇനി ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണം. നിലവിലെ പ്രതിസന്ധിക്ക് പുറമേ ഓണക്കാലത്തെ 7850 കോടിയുടെ അധിക ചെലവുകൾകൂടി വരുന്നതോടെയാണ് മുണ്ടുമുറുക്കാൻ ധനവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞവർഷം ഏപ്രിലിലാണ് 25 ലക്ഷം എന്ന പരിധിയിലേക്ക് ബിൽ മാറ്റം പരിമിതപ്പെടുത്തിയത്. അതുവരെ ഒരു കോടി വരെയായിരുന്നു. ഇതാണ് പത്തുലക്ഷമായി താഴ്ത്തിയത്.

അതേസമയം ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ ചെലവുകൾ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരാറുകാരുടെ ചെക്ക് മാറാനുള്ള ബിൽ ഡിസ്കൗണ്ട് സംവിധാനത്തിനും ഇളവുണ്ട്. കഴിഞ്ഞവർഷം ജൂൺ വരെ 5301 കോടിയായിരുന്നു കടമെടുത്തിരുന്നതെങ്കിൽ ഈ വർഷം ജൂൺവരെ 15,000 കോടി പിന്നിട്ടു. ധനക്കമ്മി കഴിഞ്ഞവർഷം 11.41 എന്നത് ഈ വർഷം 37.23 ലേക്ക് കുതിച്ചിട്ടുണ്ട്. ഇത്തരത്തിൽ സങ്കീർണമായ സാഹചര്യത്തിലാണ് ട്രഷറി നിയന്ത്രണം. എ.ജിയുടെ താൽക്കാലിക കണക്ക് പ്രകാരം ഏപ്രിൽ-മേയ് മാസങ്ങളിലെ വരവും ചെലവും തമ്മിലെ അന്തരം 9000 കോടിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്.

ധനവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ വലിയ ബില്ലുകളിലെ തുക വിഭജിച്ച് മാറ്റിയെടുക്കുന്ന പ്രവണതക്കെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കർശന പരിശോധനക്കുശേഷമേ ബില്ലുകൾ മാറാവൂവെന്നും ഒരു ബിൽ പല ബില്ലുകളായി വിഭജിച്ചുസമർപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ട്രഷറിക്ക് ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ബില്ലുകൾ വിഭജിച്ച് സമർപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും ധനസെക്രട്ടറി മുന്നറിയിപ്പ് നൽകി. 

കടപ്പാട്
https://www.madhyamam.com/kerala/strict-controls-on-treasury-transactions-1187214