വീട്ടില്‍ എത്രത്തോളം സ്വര്‍ണം സൂക്ഷിക്കാം, അധികമുള്ളത് പിടികൂടുമോ?
ഓരോ വ്യക്തിക്കും എത്ര സ്വർണം കൈവശം വയ്ക്കാമെന്നത് സംബന്ധിച്ച് രാജ്യത്ത് വ്യക്തമായ നിയമങ്ങളുണ്ട്. വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും സൂക്ഷിക്കാന്‍ കഴിയുന്ന സ്വർണത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. പാരമ്പര്യമായി കൈമാറ്റം ചെയ്യുന്ന സ്വർണവും കൈവശം വയ്ക്കുമ്പോള്‍ മതിയായ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ട്. നിയമപ്രകാരം കൈവശം വയ്ക്കാവുന്ന പരമാവധി അളവ് സ്വർണത്തേക്കാള്‍ കൂടുതലുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷേ കൂടുതലുള്ള സ്വർണത്തിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിക്കണമെന്ന് മാത്രം. സ്വർണം വാങ്ങിയതിന്റെ ഇന്‍വോയ്‌സും വാങ്ങാന്‍ ഉപയോഗിച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള വിവരങ്ങളുമാണ് രേഖകളായി നല്‍കേണ്ടി വരിക.
എത്ര സ്വർണം സൂക്ഷിക്കാം?
വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം (അര കിലോ) സ്വര്‍ണം രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്കാണെങ്കില്‍ ഇതിന്റെ നേര്‍ പകുതിയേ സൂക്ഷിക്കാന്‍ കഴിയൂ. അതായത് 250 ഗ്രാം (കാല്‍ കിലോ). പുരുഷനാണെങ്കില്‍ കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവ് 100 ഗ്രാം മാത്രമാണ്. ഒരു കുടുംബത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കൂടെ 600 ഗ്രാം സ്വർണം നിയമപരമായി സൂക്ഷിക്കാം. നേരത്തെ പറഞ്ഞ ക്രമത്തില്‍ ഓരോ കുടുംബത്തിലേയും ആളുകളുടെ എണ്ണമനുസരിച്ചുള്ള വ്യത്യാസം അനുസരിച്ച് സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവില്‍ മാറ്റമുണ്ടാവും. അളവില്‍ കൂടുതല്‍ സ്വർണം സൂക്ഷിക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയാല്‍ ഇന്‍വോയ്‌സും സാമ്പത്തിക ഉറവിടം വ്യക്തമാക്കുന്ന രേഖകളും നല്‍കേണ്ടി വരും. ഇത്തരത്തില്‍ രേഖകളുടെ പിന്‍ബലമുണ്ടെങ്കില്‍ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിട്ടില്ല. രേഖകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതലുള്ള സ്വർണം ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കാനാവും.
പാരമ്പര്യമായി ലഭിച്ച സ്വർണം
ഒരു കുടുംബത്തിനോ വ്യക്തിക്കോ പാരമ്പര്യമായി കുറെയേറെ സ്വർണം ലഭിച്ചിട്ടുണ്ടെങ്കില്‍ എന്ത് ചെയ്യും. സ്വാഭാവികമായും ഇതിന്റെ ഇന്‍വോയ്‌സോ സാമ്പത്തിക ഉറവിടം വ്യക്തമാക്കുന്ന രേഖകളോ സമര്‍പ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇതൊന്നുമില്ലെങ്കിലും പാരമ്പര്യമായി ലഭിച്ച സ്വർണം സൂക്ഷിക്കാന്‍ നിയമപരമായി തടസ്സമൊന്നുമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കേണ്ടി വരികയാണെങ്കില്‍ പാരമ്പര്യമായി കൈമാറിയതിന്റെ രേഖകളാണ് ഹാജരാക്കേണ്ടി വരിക. ഉദാഹരണത്തിന് ഒരു കുടുംബത്തിലെ സ്വത്തുക്കള്‍ വീതം വെയ്ക്കുന്ന കരാറില്‍ കൈമാറ്റം ചെയ്യുന്ന സ്വർണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കാണിക്കണമെന്നര്‍ത്ഥം. ഈ കരാര്‍ കൈവശമുണ്ടെങ്കില്‍, കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന അളവിലുള്ള സ്വർണം ധൈര്യമായി സൂക്ഷിക്കാനാവും. ഇതിന് പ്രത്യേകമായി നികുതി അടയ്‌ക്കേണ്ടി വരില്ല.
നികുതി നല്‍കേണ്ടതെപ്പോള്‍?
നിങ്ങളുടെ വരുമാനം ഉപയോഗിച്ച് സ്വർണം വാങ്ങുകയും 3 വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയും ചെയ്താല്‍ നികുതി നല്‍കേണ്ടി വരും. 3 വര്‍ഷത്തിനുശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ലോംഗ് ടേം കാപിറ്റല്‍ ഗെയിന്‍സ് അഥവാ (LTCG) ആയി 20% നികുതി നല്‍കേണ്ടി വരും. ഗോള്‍ഡ് ബോണ്ടുകള്‍ (SGB) 3 വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോഴും 10% നികുതി നല്‍കേണ്ടി വരും. 3 വര്‍ഷത്തിനുശേഷമാണ് വില്‍ക്കുന്നതെങ്കില്‍ LTCG യായി 20% നികുതി നല്‍കണം. സ്വർണം സൂക്ഷിക്കുന്നതിന് നികുതിയില്ലെങ്കിലും വില്‍ക്കുമ്പോള്‍ നികുതി നല്‍കണമെന്നര്‍ത്ഥം.
കടപ്പാട്
https://www.manoramaonline.com/sampadyam/smart-spending/2023/07/28/how-much-gold-you-can-keep-in-home.html