*ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് സന ഫാത്തിമ ; അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി*

*ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് സന ഫാത്തിമ ; അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി*
*08-07-2021*

ഫോണ്‍സംഭാഷണങ്ങളുടെ പേരില്‍ ഒരു വിവാദം കെട്ടടങ്ങുമ്പോൾ മറ്റൊരു ജനപ്രതിനിധിയുടെ ടെലഫോണ്‍ സംഭാഷണം ഇപ്പോൾ വൈറലാവുകയാണ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മലപ്പുറത്ത് നിന്നുള്ള പ്ലസ് ടു വിദ്യാര്‍ഥിനി ഫാത്തിമ സനയും തമ്മിലുള്ള ഫോണ്‍സംഭാഷണം കേട്ട് മന്ത്രിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും കലാമേളകളിലെ മികവിനും, എന്‍.എസ്.എസ്, സ്‌കൗട്ട് & ഗൈഡ്, എന്‍.സി.സി തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയതിനെക്കുറിച്ച്‌ സംസാരിക്കാനാണ് സന മന്ത്രിയെ ഫോണില്‍ വിളിക്കുന്നത്. സന പറയുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേട്ട മന്ത്രി എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. രണ്ട് വര്‍ഷം സ്കൗട്ട് ആന്‍ഡ് ഗെയ്ഡ്സില്‍ അംഗമായിരുന്നു സന. മൂന്ന് പരീക്ഷകള്‍ അറ്റന്‍ഡ് ചെയ്തു. റിസല്‍ട്ട് വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഗ്രേസ് മാര്‍ക്കില്ലെന്ന് അറിയുന്നത്. കോവിഡ് കാലത്തും ഓണ്‍ലൈന്‍ വഴി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു. മാസ്കുകള്‍ ഉണ്ടാക്കി വിതരണം ചെയ്തു. 60 ആണ് ഗ്രേസ് മാര്‍ക്കെങ്കിലും 30 മാര്‍ക്കെങ്കിലും അനുവദിക്കണമെന്നാണ് സനയുടെ ആവശ്യം.

എന്നാല്‍ കോവിഡ് കാലത്ത് സ്കൗട്ട് ആന്‍ഡ് ഗൈഡ് പോലുള്ളവയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ലെന്നാണ് തനിക്ക് ലഭിച്ച പൊതുവായ റിപ്പോര്‍ട്ടെന്ന് മന്ത്രി പറഞ്ഞു. എങ്കിലും പരിഗണിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഒപ്പം സനയുടെ വീട്ടുവിശേഷങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയവയില്‍ അംഗത്വമുള്ള വിദ്യാര്‍ഥികള്‍ ഗ്രേസ്മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവരെയെല്ലാം നിരാശയിലാഴ്ത്തിക്കൊണ്ടാണ് ഗ്രേസ്മാര്‍ക്കില്ലെന്ന് വാര്‍ത്ത പുറത്തു വന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കലാമേളകളോ മറ്റു ക്യാമ്പുകളോ ഒന്നും നടത്താനായില്ലെന്നതിനാലാണ് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയത്.