പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് തിരുത്താനുള്ള അവസാന അവസരം നാളെ (സെപ്റ്റംബർ 17)




പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയൽ അലോട്ട്‌മെന്റിൽ തെറ്റ് തിരുത്തുന്നതിനും ഓപ്ഷനുകൾ മാറ്റാനുമുള്ള അവസാന അവസരം സെപ്റ്റംബർ 17 വരെ.  17ന് വൈകിട്ട് 5 മണി വരെയാണ് തിരുത്തലുകള്‍ നടത്താനുള്ള സമയം. ട്രയൽ അലോട്ട്മെന്‍റ് പരിശോധിക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും ജില്ലയിലെ 165 ഹയര്‍സെക്കന്‍ററി സ്കൂളുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ഹയര്‍സെക്കന്‍ററി അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ വി എം കരീം എന്നിവര്‍ അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട ട്രയല്‍ അലോട്ട്മെന്റ് പട്ടിക സെപ്റ്റംബര്‍ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ അപേക്ഷ നൽകി കൺഫർമേഷൻ നടത്താത്തവർക്കും ഇപ്പോൾ എഡിറ്റ് ചെയ്ത് മാറ്റങ്ങൾ ഉണ്ടെങ്കിൽ വരുത്തി ഫൈനൽ കർഫർമേഷൻ നടത്താം. അപേക്ഷ നല്‍കിയവര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പരും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മുമ്പ് നല്‍കിയ സ്കൂള്‍ ഓപ്ഷനുകൾ മാറ്റാനും പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കാനും പുനക്രമീകരിക്കുന്നതിനും ഇപ്പോള്‍ സാധിക്കുന്നതാണ്. ബോണസ് പോയൻ്റ് ലഭിക്കുന്ന ഏതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ പുതുതായി കൂട്ടി ചേർക്കാനും അവസരമുണ്ട്.

പ്ലസ് വണ്‍ പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട് “ഒരുക്കം” എന്ന പേരില്‍ വിപുലമായ സംവിധാനങ്ങളാണ് ജില്ലയിലൊരുക്കിയിരുന്നത്. ജില്ലയിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സംവിധാനങ്ങളെയും ഒരു കുടക്കീഴിലൊരുക്കുന്നതിന് സാധിച്ചതിനാല്‍, ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും നേരിട്ടിരുന്നില്ല. മൊബൈല്‍ നെറ്റ്‍വര്‍ക്ക്, ഇന്‍റര്‍നെറ്റ് സംവിധാനങ്ങളില്ലാതിരുന്ന ആദിവാസി കോളനികളിലും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ഹെല്‍പ്പ് ഡെസ്കുകളൊരുക്കിയിരുന്നു. കരിയര്‍ ഗൈഡന്‍സ് സെല്ലിന്‍റെ നേതൃത്വത്തില്‍ സംശയ നിവാരണത്തിന് പ്രത്യേകം സൗകര്യങ്ങളും ജില്ലാതലത്തില്‍ സജ്ജമാക്കിയിരുന്നു. ഡിഇഒമാരുടെയും എഇഒമാരുടെയും പ്രധാനാധ്യാപകരുടെയും മേല്‍നോട്ടത്തോടെയായിരുന്നു ഒരുക്കം എന്ന പദ്ധതി നടത്തിയിരുന്നത്.

ജില്ലയില്‍ ഏകജാലകം വഴി അപേക്ഷിച്ച 40415 പേരില്‍ 35973 പേര്‍ സംസ്ഥാന സിലബസില്‍ പഠിച്ചിരുന്നവരാണ്. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പഠിക്കാനാവശ്യമായ സീറ്റുകള്‍ നിലവില്‍ ജില്ലയിലുണ്ട്. ഏതെങ്കിലും കാരണവശാല്‍ മുഖ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഒക്ടോബര്‍ 26ന് തുടങ്ങുന്ന സപ്ലിമെന്‍ററി ഘട്ടത്തില്‍ അപേക്ഷിക്കാം.