*ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം; കേന്ദ്ര നിയമഭേഗതി നിബന്ധനകളോടെ നിലവില്‍വന്നു*


26-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖

ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി നിബന്ധനകളോടെ വെള്ളിയാഴ്ച നിലവില്‍വന്നു. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നല്‍കിയിട്ടുള്ളത്.

ഇതിന് അനുസൃതമായി മെഡികല്‍ ബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍കാര്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 20 ആഴ്ചവരെയുള്ള ഗര്‍ഭം, ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വെയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കില്‍ രണ്ടു ഡോക്ടര്‍മാരുടെ നിഗമനം അവശ്യമാണ്.

ഗര്‍ഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ എപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനും അനുമതി ലഭിക്കും. പ്രത്യേക മെഡികല്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണ്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധന്‍, റേഡിയോളജിസ്റ്റ്, സര്‍കാര്‍ പ്രതിനിധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കുന്ന റിപോര്‍ട് ഈ സമിതി വിലയിരുത്തും.

ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ ഇവ വെളിപ്പെടുത്താന്‍ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരുവര്‍ഷംവരെ തടവുനല്‍കാനുള്ള വ്യവസ്ഥയുമുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍, അലസിപ്പിക്കാനുള്ള അനുമതിയുമുണ്ട്.


24 ആഴ്ചവരെ സാവകാശം ലഭിക്കും. കുട്ടിയെ ഉള്‍കൊള്ളാനുള്ള മാനസികാവസ്ഥ അമ്മയ്ക്കില്ലെന്ന് വ്യക്തമായാല്‍ ഗര്‍ഭഛിദ്രത്തിലേക്ക് നീങ്ങാം. ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ വീഴ്ചകാരണമുണ്ടാകുന്ന ഗര്‍ഭം മാതാവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭഛിദ്രമാകാം.

നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഗര്‍ഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരവും 20 ആഴ്ചവരെ രണ്ടു ഡോക്ടര്‍മാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലും ഗര്‍ഭഛിദ്രം നടത്താമായിരുന്നു. 1971 ലെ നിയമമാണ് പരിഷ്‌കരിച്ചത്.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*