*സമസ്തയ്ക്ക് കീഴിലെ മദ്‌റസകള്‍ നവംബര്‍ ഒന്നിന് തുറക്കും; ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം*


26-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച് 10 മുതല്‍ മദ്റസകള്‍ അടഞ്ഞുകിടക്കുകയാണ്.സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മദ്‌റസകളും തുറക്കുന്നത്.

കേരളത്തിനകത്തും പുറത്തുമായി 10316 മദ്‌റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന 12 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നവബംര്‍ ഒന്നു മുതല്‍ മദ്രസകളിലേക്ക് എത്തുക. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ മാനജിംഗ് കമിറ്റികളോട് യോഗം നിര്‍ദേശിച്ചു.


മദ്‌റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം, ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം, ക്ലാസെടുക്കാന്‍ മതിയായ അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കണം, സര്‍കാര്‍ നിര്‍ദേശിച്ച കോവിഡ് പ്രോടോകോള്‍ പൂര്‍ണമായും പാലിക്കണം, മുഅല്ലിംകളും വിദ്യാര്‍ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം, അത്തരം വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം, മദ്‌റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.


മദ്‌റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്‌റസ മാനജ്‌മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.


പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ ടി ഹംസ മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എം സി മായിന്‍ ഹാജി, കെ എം അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രസംഗിച്ചു. മാനജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*