ജപ്പാനില്‍ ജോക്കര്‍ വേഷത്തിലെത്തിയ അക്രമി ട്രെയിനിന് തീവെച്ചു; പത്തോളം പേര്‍ക്ക് പരിക്ക്


ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ 24-കാരന്‍ ട്രെയിനിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്.

ബാറ്റ്മാന്‍ ചലചിത്ര പരമ്പരയിലെ ജോക്കറിന്റെ വേഷം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. അക്രമി ട്രെയിനില്‍ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപ്പിടിത്തം ഉണ്ടാകുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തൊട്ടുപിന്നാലെ തീവ്രത കുറഞ്ഞ സ്‌ഫോടനവും തീപ്പിടിത്തവും ഉണ്ടാകുന്നതും ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ട്രെയിന്‍ നിര്‍ത്തിയതിനു പിന്നാലെ യാത്രക്കാര്‍ ജനാലവഴി ഇറങ്ങാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അക്രമിയെ പോലീസ് സംഭവ സ്ഥലത്തുനിന്ന് തന്നെ അറസ്റ്റുചെയ്തിട്ടുണ്ട്.

കടപ്പാട് : മാതൃഭൂമി ന്യൂസ്