കോവിഡ് ആഗോള കണക്കുകള്‍ ഉയരുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


ന്യൂഡല്‍ഹി: കോവിഡ് ആഗോള കണക്കുകള്‍ വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് ആഗോള കണക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാം. നിലവില്‍ നമ്മുടെ പക്കലുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളേയും അത് മറികടന്നേക്കാം. പൊതുജനാരോഗ്യ സുരക്ഷയ്ക്കുള്ള മാര്‍ഗങ്ങള്‍ നടപ്പാലിക്കുന്നതിനെ പോലും അത് വൈകിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളില്‍ 49000 വരെ വര്‍ധനവാണുള്ളത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ 4-5 ശതമാനം വരെയാണ് വര്‍ധന. യൂറോപ്യന്‍ രാജ്യങ്ങളിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് മരണങ്ങളിലും വര്‍ധനവുണ്ടായിട്ടുണ്ട്.

യുഎസ്, ഉക്രൈന്‍, തുര്‍ക്കി, ജര്‍മനി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ പുതിയ കോവിഡ് തരംഗങ്ങള്‍ രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുകയാണെന്ന് ചൈനീസ് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം ഇന്ത്യയില്‍ തുടര്‍ച്ചയായ 126-ാം ദിവസവും കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷത്തിന് താഴെ തുടരുകയാണ്. എന്നിരുന്നാലും മൂന്നാം തരംഗ സാധ്യതയെ തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

കടപ്പാട് : മാതൃഭൂമി ന്യൂസ്