*സംസ്ഥാനത്തെ വൃക്ക രോഗികളുടെ സമാശ്വാസ പെൻഷൻ മുടങ്ങിയിട്ട് ഒമ്പത് മാസം ; രോഗികൾ ദുരിതത്തിൽ*


20-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

മാസത്തിലൊരിക്കല്‍ ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍ വിഭാഗത്തിലെ വൃക്കരോഗികള്‍ക്ക് ലഭിച്ചിരുന്ന സമാശ്വാസ പെന്‍ഷന്‍ മുടങ്ങിയിട്ട് ഇപ്പോള്‍ ഒമ്പത് മാസം കഴിയുന്നു. മൂന്ന് വര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയായ സമയത്ത്, കഴിഞ്ഞ ഫെബ്രുവരില്‍ വെറും പതിനൊന്ന് മാസത്തെ പെന്‍ഷന്‍ നല്‍കി സര്‍ക്കാര്‍ തടിതപ്പുകയാണുണ്ടായത് എന്നാലിപ്പോഴും കുടിശ്ശിക അതുപോലെ തന്നെ തുടരുകയാണ്.

ഉറപ്പാണ് പെന്‍ഷനെന്ന് പറഞ്ഞുകൊണ്ട് തുടര്‍ഭരണത്തിലേറിയ സര്‍ക്കാര്‍, ദാരാദ്ര്യ രേഖയ്ക്ക് താഴെയുള്ള ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കഴിഞ്ഞ ഓണത്തിന് പോലും ഒരാനുകൂല്യവും നല്‍കിയില്ല. പ്രതിമാസം 1100 രൂപ വീതമുള്ള സമാശ്വാസ പെന്‍ഷന്‍ 2013 മുതലുള്ള പഴയ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. അതേസമയം 2018 മുതല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ഇപ്പോഴും സമാശ്വാസ പദ്ധതിക്കു പുറത്താണ്. ഒരു ലക്ഷത്തോളം വൃക്കരോഗികളുള്ള സംസ്ഥാനത്ത് 20,000 പേര്‍ ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയരാവുന്നവരാണ്.

2018 മുതല്‍ ഡയാലിസിസിന് വിധേയരാവുന്ന ഗുരുതര രോഗമുള്ളവര്‍ സകല രേഖകളും സമര്‍പ്പിച്ചെങ്കിലും ഫണ്ടില്ലെന്ന പേരില്‍ പെന്‍ഷന്‍ നിഷേധിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവിധയിടങ്ങളില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ രേഖകള്‍ വീണ്ടും ഹാജരാക്കിയപ്പോള്‍ പെന്‍ഷന്‍ ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതാണെന്നും എന്നാല്‍ സ്ഥിതി ഇപ്പോഴും പഴയതു പോലെ തുടരുകയാണെന്നും കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ആശ്രയ കിഡ്നി പേഷ്യന്റ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ ഇനിയും ഇങ്ങനെ അവഗണിക്കുന്നത് ശരിയായ നടപടിയല്ലന്നും, മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ എത്രയും വേഗം വ്യക്തത വരുത്തണമെന്നും സംഘടനാ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*