*തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത*


20-Oct-2021

തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട് തീരത്തുനിന്ന് കിഴക്കൻ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന മഴയ്ക്കുള്ള പ്രധാനപ്പെട്ട കാരണം. ഇതിനിടെയാണ് തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസങ്ങളിൽ തുടരാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താലായിരിക്കും കൂടുതൽ മഴ കേരളത്തിൽ ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

ഒക്ടോബർ 24 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം വിവിധ ജില്ലകളിൽ ഇന്നു പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് ഉച്ചയോടെ പിൻവലിച്ചിരുന്നു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്.

ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*