ഗ്ലാസ്ഗോയില്‍ ഇന്ത്യക്കാരോട് കുശലം ചോദിച്ചും ഡ്രംസില്‍ താളംപിടിച്ചും പ്രധാനമന്ത്രി മോദി |


ഗ്ലാസ്ഗോ: സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഇന്ത്യന്‍ സമൂഹത്തോട് കുശലാന്വേഷണം നടത്തിയും ഡ്രംസില്‍ താളംപിടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്‌കോട്ട്ലന്‍ഡിലെത്തിയ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തിയത്. 

പ്രധാനമന്ത്രിയെ കാണാനായി നിരവധിയാളുകളാണ് അദ്ദേഹം താമസിച്ച ഹോട്ടലിന് വെളിയിലും വിമാനത്താവളത്തിലുമായി എത്തിയത്. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രിക്ക് യാത്രയയപ്പ് നല്‍കുവാനായി നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ഹോട്ടലിന് വെളിയില്‍ കാത്തുനിന്ന കുട്ടികള്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചു. 

വിമാനത്താവളത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യക്കാര്‍ ഡ്രംസ് അടക്കം വായിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തൊഴുകൈകളോടെ ഇവര്‍ക്ക് സമീപമെത്തിയ പ്രധാനമന്ത്രി അല്പനേരം അവര്‍ക്കൊപ്പം ചിലവഴിക്കുകയായിരുന്നു. ഇവിടെയും കുട്ടികള്‍ അടക്കമുള്ളവരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തി. തുടര്‍ന്നാണ് അവരുടെ ഡ്രംസില്‍ പ്രധാനമന്ത്രി താളം പിടിച്ചത്. 

2070-ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ (പുറന്തള്ളലും അന്തരീക്ഷത്തില്‍നിന്നുള്ള ഒഴിവാക്കലും സമമാക്കല്‍) ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലാസ്ഗോയില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുള്‍പ്പെടെ അഞ്ച് അമൃതുകളാണ് ഇന്ത്യയുടേതായി തിങ്കളാഴ്ച അദ്ദേഹം മുന്നോട്ടുവെച്ചത്.

2030-ഓടെ 500 മെഗാവാട്ടിന്റെ ഫോസില്‍ ഇതര ഇന്ധനശേഷി കൈവരിക്കും, രാജ്യത്തെ ഫോസില്‍ ഇതര ഇന്ധനോപയോഗം ഇക്കാലയളവുകൊണ്ട് 50 ശതമാനമാക്കും, 20 കൊല്ലം കൊണ്ട് കാര്‍ബണ്‍ വാതക പുറന്തള്ളലില്‍ 100 കോടി ടണ്ണിന്റെ കുറവുവരുത്തും, സാമ്പത്തികവളര്‍ച്ചയ്ക്ക് കാര്‍ബണ്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇക്കാലയളവുകൊണ്ട് 45 ശതമാനത്തില്‍ താഴെയാക്കും എന്നിവയാണ് 'പഞ്ചാമൃതത്തി'ലെ മറ്റു നാലുകാര്യങ്ങള്‍.