മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ ബിജെപി നേതാക്കളെ വളഞ്ഞ് കര്‍ഷകര്‍; മാപ്പപേക്ഷിച്ച് നേതാക്കള്‍


ഗുഡ്ഗാവ്:  ഹരിയാനയിലെ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് പ്രസംഗം കേള്‍ക്കാനെത്തിയ ബിജെപി നേതാക്കളെ തടഞ്ഞ് കര്‍ഷകസമരക്കാര്‍. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ക്ഷേത്രത്തിന് സമീപം പ്രതിഷേധിച്ചിരുന്ന കര്‍ഷകരാണ് ബിജെപി നേതാവായ മനീഷ് ഗ്രോവറെയും സംഘത്തേയും വളഞ്ഞത്. റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലായിരുന്നു സംഭവം.  

കര്‍ഷകര്‍ക്കെതിരേ ബിജെപി നേതാവ് നടത്തിയ മോശം പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. എട്ട് മണിക്കൂറോളം ബിജെപി നേതാവിനേയും സംഘത്തേയും കര്‍ഷകര്‍ വളഞ്ഞു. പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയുന്നതുവരെ പുറത്തേക്ക് വിടില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതോടെ മനീഷ് ഗ്രോവര്‍ ക്യാമറയ്ക്കു മുന്നില്‍ കൈകൂപ്പ് മാപ്പ് പറഞ്ഞു. 

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഏതാനും കര്‍ഷകസമരക്കാരെ കസ്റ്റഡിയിലെടുത്തു. രവീന്ദ്ര രാജു, മേയറായ മന്‍മോഹന്‍ ഗോയല്‍, ബിജെപി ജില്ലാ തലവന്‍ അജയ് ബന്‍സാല്‍, സതീഷ് നന്ദാന്‍ എന്നിവരായിരുന്നു മനീഷ് ഗ്രോവര്‍ക്കൊപ്പമുണ്ടായിരുന്നത്. 

നേതാക്കള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതോടെ ക്ഷേത്രം വളയാന്‍ കര്‍ഷകരോട് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കര്‍ഷകരോട് മാപ്പപേക്ഷിച്ച കാര്യം മനീഷ് ഗ്രോവര്‍ നിഷേധിച്ചു. പുറത്തുനില്‍ക്കുന്ന ജനങ്ങളെ കൈവീശി കാണിക്കണമെന്ന് ചില ഗ്രാമവാസികളെത്തി തന്നോട് ആവശ്യപ്പെട്ടത് പ്രകാരം അങ്ങനെയാണ് താന്‍ ചെയ്തത്. ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് മനീഷ് ഗ്രോവര്‍ പ്രതികരിച്ചത്. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ മാസങ്ങളായി നടത്തുന്ന പ്രതിഷേധസമരകേന്ദ്രത്തിന് സമീപമായിരുന്നു മുന്‍ മന്ത്രി കൂടിയായ മനീഷ് ഗ്രോവറും സംഘവും സന്ദര്‍ശിച്ച ക്ഷേത്രം.