ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്ജോത് സിങ് സിദ്ധു പിന്‍വലിച്ചു. പക്ഷെ പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുകയാണ് സിദ്ധു. പഞ്ചാബില്‍ പുതിയ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് എ.പി.എസ് ഡിയോളിനെ മാറ്റി പുതിയ ആളിനെ നിയമിക്കണമെന്നാണ് ആവശ്യം.
'രാജി പിന്‍വലിക്കുകയാണ്. പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്ന അന്ന് പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും- സിദ്ധു പറഞ്ഞു.
പക്ഷെ നിലവിലെ സാഹചര്യങ്ങളില്‍ സിദ്ധുവിന്റെ ഈ ആവശ്യം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിദ്ധു അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന എ.പി.എസ് ഡിയോളിന്റെ രാജി മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി തള്ളിക്കളഞ്ഞതായാണ് വിവരം.
സിദ്ധുവിന്റെ നിരന്തരമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോള്‍ രാജി സമര്‍പ്പിച്ചത്. വിവാദമായ ഒരു പോലീസ് വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പോലീസുകാരന് വേണ്ടി ഹാജരായി എന്നതായിരുന്നു സിദ്ധു എ.പി.എസ് ഡിയോളിനെതിരെ ഉന്നയിച്ച ആരോപണം.
സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിക്കുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളായ മുന്‍ പോലീസ് മേധാവി സുമേദ് സൈനിക്കായാണ് ഡിയോള്‍ കോടതിയില്‍ ഹാജരായത്.
കേസ് അന്വേഷിച്ച പോലീസ് സംഘത്തിന്റെ തലവനായിരുന്ന സഹോത ഐ.പി.എസിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും നേരത്തെ സിദ്ധു ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഡിയോളിന്റെ രാജി സ്വീകരിച്ചോ അതോ തള്ളിക്കളഞ്ഞോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
അമരീന്ദര്‍ സിങിനെ മാറ്റി ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സിദ്ധു പഞ്ചാബ് പി.സി.സി പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷിതമായി രാജി വെക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോഴും പഞ്ചാബ് കോണ്‍ഗ്രസിലെ കലാപങ്ങള്‍ അടങ്ങുന്നില്ലെന്ന സൂചനയാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
കടപ്പാട് മാതൃഭൂമി ന്യൂസ്