സൗദിയുടെ നീക്കം പൊളിയും; പെട്രോള്‍ വേണ്ടാത്ത കാലം വരും... ഇന്ത്യയുടെ ബൃഹദ് പദ്ധതി
ഇന്ത്യ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ഗ്ലോബല്‍ ബയോഫ്യുവല്‍സ് അലയന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം ജി20 ഉച്ചകോടിയില്‍ നടന്നതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനവും അന്തരീക്ഷ മലിനീകരണവും ആഗോള താപനവുമെല്ലാമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇതിനുള്ള പരിഹാരം കൂടിയാണ് പുതിയ ബയോഫ്യുവല്‍സ് അലയന്‍സ്.
സിംഗപ്പൂര്‍, ഇറ്റലി, ബംഗ്ലാദേശ്, ബ്രസീല്‍, അമേരിക്ക, മൗറീഷ്യസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം പുതിയ സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്. ഈ രാജ്യങ്ങളുടെയെല്ലാം പ്രതിനിധികള്‍ നരേന്ദ്ര മോദിയുടെ പ്രഖ്യാപന വേളയില്‍ സന്നിഹിതരായിരുന്നു. ജൈവ ഇന്ധനങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും പ്രോല്‍സാഹിപ്പിക്കലാണ് സഖ്യത്തിന്റെ ദൗത്യം.
നിലവില്‍ ഇന്ധനമായി ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നതാണ്. ഇവയുടെ ഉപയോഗമാകട്ടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകുന്നു. ചൂട് കൂടാനും ഇതുവഴി കാലാവസ്ഥയില്‍ വ്യതിയാനത്തിനും ഇടവരുന്നു. കാലംതെറ്റിയ മഴയും ഉഷ്ണവുമെല്ലാം ആഗോളതാപനത്തിന്റെ പ്രതിഫലനമാണ്.
പെട്രോളിന്റെയും പെട്രോളിയം ഉല്‍പ്പനങ്ങളുടെയും ഉപയോഗം കുറയ്ക്കണം എന്നാണ് ഇന്ത്യയുടെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുമ്പോഴുണ്ടാകുന്ന നേട്ടം മലിനീകരണം കുറയുമെന്നതാണ്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കാനാണ് ഇന്ത്യയുടെ പുതിയ തീരുമാനം.
കരിമ്പ്, ചോളം എന്നിവയുടെ ഉപോല്‍പ്പന്നമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നതാണ് എഥനോള്‍. പ്രകൃതിക്ക് കാര്യമായ ദോഷമുണ്ടാക്കാത്ത എഥനോള്‍ പെട്രോളില്‍ ചേര്‍ക്കുന്നതിലൂടെ പെട്രോളിന്റെ അളവ് കുറയ്ക്കാനും മലിനീകരണം ഇല്ലാതാക്കാനും സാധിക്കും. എന്നാല്‍ പൊടുന്നനെയുള്ള മാറ്റം ഇതില്‍ സാധ്യമല്ല. ഘട്ടങ്ങളായി ലക്ഷ്യം നേടാനാണ് ഇന്ത്യ പദ്ധതി ഒരുക്കുന്നത്.
ജൈവ ഇന്ധനമായ എഥനോളിന്റെ ഉല്‍പ്പാദനവും ഉപയോഗവും വര്‍ധിപ്പിച്ചാല്‍ പെട്രോളിന്റെ ഇറക്കുമതി കുറയ്ക്കാം സാധിക്കും. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത് മൂലം ഇന്ത്യന്‍ വിപണി നേരിടുന്ന പ്രതിസന്ധി ഇല്ലാതാക്കാനും ഇതുപകരിക്കും. കര്‍ഷകര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഈ പദ്ധതി നല്‍കുന്നു.
പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്ന പദ്ധതിക്ക് 2003ലാണ് തുടക്കമായത്. 2025ല്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കാന്‍ സാധിക്കുക എന്നതാണ് ലക്ഷ്യം. അതേസമയം, ഇന്ധന ടാങ്കില്‍ വെള്ളം ഉണ്ടാകരുത് എന്നതാണ് ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടത്. കാരണം എഥനോള്‍ വെള്ളവുമായി വേഗം ചേരും. ഇങ്ങനെ സംഭവിച്ചാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
ഇന്ത്യയെ കാര്‍ബണ്‍ രഹിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്‍ഡിടിവിയോട് പറഞ്ഞു. എഥനോള്‍ പെട്രോളില്‍ ഉപയോഗിക്കുന്നതിലൂടെ മലിനീകരണ ആശങ്ക കുറയ്ക്കാം. മിച്ചം വരുന്ന ഉല്‍പ്പനങ്ങള്‍ ഇന്ധന സ്റ്റേഷനുകള്‍ക്ക് കൈമാറി കര്‍ഷകര്‍ക്കും ലാഭമുണ്ടാക്കാം. തൊഴില്‍ അവസരം സൃഷ്ടിക്കാനും പദ്ധതി വഴി സാധിക്കും. ജൈവ ഇന്ധനത്തിന്റെ നേതാവായി ഇന്ത്യ മാറുകയും ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.
ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുകയാണ്. സൗദിയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചതാണ് ഇതിന് കാരണം. ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണിത്. എന്നാല്‍ ജൈവ ഇന്ധനത്തിന്റെ ഉല്‍പ്പാദനവും ഉപയോഗവും വര്‍ധിപ്പിച്ചാല്‍ ഇത്തരം ഭീഷണികള്‍ ചെറുക്കാന്‍ സാധിക്കും. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗം ലോക വ്യാപകമാക്കണമെന്നാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ആശയം.
കടപ്പാട് : വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍