വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാം?-

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാം?-

കൊച്ചി: വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്? സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറുന്നതിന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ്:

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?
സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ടാക്‌സ് സര്‍ട്ടിഫിക്കറ്റ്
ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്)
ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്
പെര്‍മിറ്റ് (3000 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും - സ്വകാര്യ വാഹനങ്ങള്‍ ഒഴികെ)  
ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് )
വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് 
രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം. മേല്‍വിവരിച്ച രേഖകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുകയാണ് ആദ്യ മാര്‍ഗം. ഇതിനായി ഡിജിലോക്കര്‍ ആപ്പില്‍ നേരത്തെതന്നെ മേല്‍വിവരിച്ച രേഖകള്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ സൂക്ഷിക്കേണ്ടതാണ്. പരിശോധനാസമയത്ത് ഡിജിലോക്കര്‍ ആപ്പ് അഥവാ എം - പരിവാഹന്‍ ആപ്പ് ലോഗിന്‍ ചെയ്ത് രേഖകള്‍ കാണിച്ചാല്‍ മതിയാകും. 
രണ്ടാമത്തെ മാര്‍ഗം എന്നത് ഒറിജിനല്‍ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കുകയെന്നതാണ്. ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് എന്നിവയാണ് നിര്‍ബന്ധമായും ഹാജരാക്കേണ്ട ഒറിജിനല്‍ രേഖകള്‍. മറ്റു രേഖകളുടെ ഒറിജിനല്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാല്‍ മതിയാകും. 
ലേണേഴ്‌സ് പതിച്ച വാഹനമാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് വേണം. സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഒരാള്‍ വാഹനത്തില്‍ ഒപ്പം ഉണ്ടായിരിക്കുകയും വേണം.

കടപ്പാട് : സമകാലിക മലയാളം